ക്രിപ്റ്റോ കറൻസി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാം : നിർമല സീതാരാമൻ
Nirmala Sitharaman

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അന്താരാഷ്‌ട്ര നാണയ നിധിയുടെ വാഷിങ്ടൺ ഡിസിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിനും ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കപ്പെടും എന്നതായിരിക്കും. സാങ്കേതിവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നിയന്ത്രണം മാത്രമായിരിക്കും ഇതിനുള്ള പ്രതിവിധി. ഈ നിയന്ത്രണം വളരെ സമര്‍ഥവും കാര്യക്ഷമവുമായിരിക്കണം; മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടിലുണ്ടായ വര്‍ധനയും അവർ ചൂണ്ടിക്കാട്ടി. 2019ല്‍ ഡിജിറ്റല്‍ പണമിടപാടിലേക്കുള്ള മാറ്റത്തിന്റെ തോത് 85 ശതമാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ലോക ബാങ്കിന്റെയും ജി-20 ധനമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വാഷിങ്ടണില്‍ എത്തിയത്. ഇതിന്റെ ഭാഗമായി ഇന്‍ഡോനീഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസുമായും ധനമന്ത്രി കൂടിക്കാഴ്‌ച നടത്തും.

Share this story