റഷ്യയിൽനിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി: ഇന്ത്യ ലാഭിച്ചത് 35,000 കോടി

google news
ouil

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ വില കുതിച്ചുകയറിയപ്പോള്‍ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടി.

പരമ്പരാഗതമായി എണ്ണ വാങ്ങിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധവുമായെത്തിയപ്പോള്‍ റഷ്യ വന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്.

യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള സമ്മര്‍ദം അവഗണിച്ചാണ് റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതോടെ ചൈനക്കു പുറമെ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ.

രാജ്യത്തെ ആവശ്യത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു നേരത്തെ റഷ്യയില്‍നിന്നുള്ള ഇറക്കുമതി. യുദ്ധം തുടങ്ങിയതോടെ 12ശതമാനത്തിലേറെയായി.

ജൂലായില്‍ ഇന്ത്യയിലേയ്ക്കുള്ള രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ. സൗദി അറേബ്യ മൂന്നാമതുമെത്തി. നിലവിലെ കണക്കു പ്രകാരം എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇറാഖ് ഒന്നാമതും സൗദി രണ്ടാമതും റഷ്യ മൂന്നാമതുമാണ്.

ഏപ്രില്‍-ജൂലായ് കാലയളവില്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 10,350 കോടി(1.3 ബില്യണ്‍ ഡോളര്‍) രൂപയില്‍നിന്ന് 89,235 കോടി(11.2 ബില്യണ്‍ ഡോളര്‍)രൂപയിലേയ്ക്ക് ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയത്തില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ആവശ്യത്തിന്റെ 83ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ സമ്പദ്ഘടനയെ ദുര്‍ബലമാക്കുന്ന അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യയെ സമ്പന്ധിച്ചെടുത്തോളും നിര്‍ണായകമാണ്. ഇറക്കുമതി ബില്‍ താഴ്ന്നതോടെ ഡോളര്‍ ആവശ്യകത കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ഒരു പരിധിവരെ സര്‍ക്കാരിനായി.

വില പേശലിലൂടെ ക്രൂഡ് ഓയില്‍ ഇടപാടില്‍ രണ്ടാം തവണയാണ് ഇന്ത്യ നേട്ടമുണ്ടാക്കുന്നത്. 2020 ഏപ്രിലില്‍ കോവിഡ് മൂലം ലോകം അടച്ചിട്ടതിനെതുടര്‍ന്ന് വിലയിടിഞ്ഞപ്പോള്‍ വന്‍തോതില്‍ എണ്ണ ശേഖരിച്ചിരുന്നു. പിന്നീട് വില ഉയര്‍ന്നപ്പോള്‍ 25,000 കോടി രൂപയുടെ നേട്ടമാണ് ഇതിലൂടെ രാജ്യത്തിന് നേടാനായത്. 

Tags