കർണാടക മുഖ്യമന്ത്രിക്കെതിരെ 'പേ സിഎം' പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്
paycm

കർണാടക മുഖ്യമന്ത്രിക്കെതിരെ 'പേ സിഎം' പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്

ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ 'പേ സിഎം' പ്രചാരണവുമായി കോൺഗ്രസ്. യുപിഐ ആപ്പായ 'പേ ടിഎം' മാതൃകയിൽ തയ്യാറാക്കിയ പോസ്റ്റർ ബെംഗളൂരുവിൽ ഉടനീളം പതിച്ചാണ് കോൺഗ്രസ് പരിഹാസ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 'പേ ടിഎ'മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതി റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണ് 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം'. 'മുഖ്യമന്ത്രിയെ സഹായിക്കൂ' എന്നും പോസ്റ്ററിൽ ആഹ്വാനം ഉണ്ട്. 

അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. 'സമയവും സ്ഥലവും നിങ്ങൾ തീരുമാനിക്കൂ' 'ഞങ്ങൾ വരാം' എന്നായിരുന്നു വെല്ലുവിളി. എന്നാൽ ബ്ലാക്ക‍്മെയ‍്ലിംഗ് വിദ്യക്ക് കീഴ്പ്പെടാൻ ഇല്ലെന്നായിരുന്നു ബൊമ്മെയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ്  'പേ സിഎം' പ്രചാരണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. 

Share this story