കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

google news
Jammu and Kashmir

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുദ്ഗാം നഗരത്തിലെ ജില്ല കോടതി സമുച്ചയത്തിന് സമീപത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സംശയാസ്പദമായ വാഹനം തടഞ്ഞുനിര്‍ത്തി. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ വാഹനത്തില്‍ നിന്ന് സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി.

കൊല്ലപ്പെട്ടവര്‍ ഭീകരസംഘടനയായ ലഷ്‌കറെ പ്രവര്‍ത്തകരാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു. അര്‍ബാസ് മിര്‍. ഷാഹിജ് ഷെയ്ഖ് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ടവരാണ് ഇരുവരുമെന്ന് എഡിജിപി പറഞ്ഞു.

ജനുവരി ഒന്നിന് രജൗരി ജില്ലയിലെ ധാന്‍ഗ്രി ഗ്രാമത്തില്‍ ഏഴ് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരിലുടനീളം സുരക്ഷാ സേന ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags