ഛത്തീസ്‌ഗഢിൽ നിർണായകമായ 104 മണിക്കൂർ : കുഴൽകിണറിൽ വീണ 11കാരനെ രക്ഷപെടുത്തി
Chhattisgarh

ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ കുഴൽ കിണറിൽ വീണ കുട്ടിയെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ രക്ഷപെടുത്തി. സംസാര, കേൾവി പ്രശ്‌നങ്ങളുള്ള 11 വയസുകാരൻ രാഹുൽ സാഹുവാണ് ഛത്തീസ്‌ഗഢിൽ ജഞ്ച്ഗിർ ചമ്പ ജില്ലയിലെ കുഴൽകിണറില്‍ വീണത്. ജൂണ്‍ പത്തിന് വീടിന് പിറകിൽ കളിക്കുമ്പോഴാണ് 80 അടി ആഴമുള്ള കിണറിലേക്കു കുട്ടി വീണത്. അറുപതടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ ദേശീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ സൈന്യം, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കുട്ടികൾ‌ കിണറിൽ വീണുള്ള അപകടങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനമാണിത്. രക്ഷാപ്രവർത്തനം 104 മണിക്കൂർ കഴിഞ്ഞപ്പോഴാണു കുട്ടിയെ പുറത്തെടുത്തത്.

ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന്റെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. എല്ലാവരുടെയും പ്രാർഥനയുടേയും രക്ഷാപ്രവർത്തകരുടെ പരിശ്രമത്തിന്റെയും ഫലമായി രാഹുൽ സാഹുവിനെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. രാഹുലിനെ ബിലാസ്‌പൂരിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story