സ്വാതന്ത്ര്യദിനാഘോഷങ്ങൾ നിരീക്ഷിക്കാൻ ചെങ്കോട്ടയിൽ 1000 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും
cctv

ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങൾ നിരീക്ഷിക്കുന്നതിനായി ചെങ്കോട്ടയിലും പരിസരത്തും ആയിരത്തിലധികം സി.സി.ടി.വി. ക്യാമറകൾ ഡൽഹി പോലീസ് സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അട്ടിമറിവിരുദ്ധ പരിശോധനകൾ നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. സിറ്റി പോലീസിന്റെ വടക്കൻ, മധ്യ, തെക്ക്-കിഴക്കൻ, വടക്ക്-കിഴക്കൻ, ന്യൂഡൽഹി ജില്ലകളിലെ സുരക്ഷാവിഭാഗമാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ട സ്മാരകംവരെയുള്ള വഴികളിലെ വി.വി.ഐ.പി. കളുടെ നീക്കം നിരീക്ഷിക്കാനും ക്യാമറകൾസഹായിക്കും. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള രണ്ട് മെഗാപിക്‌സലിന്റേതാണ് 80 ശതമാനം ക്യാമറകളും. ബാക്കി 20 ശതമാനം നാല് മെഗാപിക്‌സലിന്റെ ക്യാമറകളാണ്. ഇവ വേദിയുടെ ഓരോകോണിലും സ്ഥാപിക്കും.

തലസ്ഥാനത്തുടനീളം സുരക്ഷാനടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകമാനം പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. അട്ടിമറി വിരുദ്ധ പരിശോധനകളുടെ ഭാഗമായി ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, പാർക്കിങ് സ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. ഇവിടങ്ങളിലെ താമസക്കാരുടെയും ജോലിക്കാരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

മിക്ക റോഡുകളിലും വാഹന പരിശോധന കർശനമാക്കി. റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ, മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകൾ എന്നിവരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി പാരാഗ്ലൈഡറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹീലിയം ബലൂണുകൾ തുടങ്ങിയവസ്തുക്കൾ പറത്തുന്നത് നിരോധിച്ചുകൊണ്ട് ജൂലായ് 22-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സുരക്ഷാകാരണങ്ങളാൽ ഈ ഉത്തരവ് ഓഗസ്റ്റ് 16 വരെ തുടരുമെന്ന് പോലീസ് അറിയിച്ചു.

Share this story