കാഷായ വസ്ത്രം ധരിച്ച് ഭിക്ഷതേടിയെത്തി, ധാന്യം നല്‍കിയ ടിഡിപി നേതാവനെ അരിവാളിന് വെട്ടി

google news
CCTV



ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കാക്കിനാഡയില്‍ കാഷായ വസ്ത്രം ധരിച്ചെത്തി ടിഡിപി നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവ് പോള്‍നാട്ടി ശേഷഗിരി റാവുവിനാണ്  പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ റാവുവിന്റെ വീട്ടില്‍ ഭിക്ഷ ചോദിക്കാനെന്ന വ്യാജേന കാഷായ വസ്ത്രം ധരിച്ചെത്തിയ അക്രമി പെട്ടെന്ന് അരിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങളില്‍ ടിഡിപി നേതാവ് അക്രമിക്ക് ധാന്യങ്ങള്‍ നല്‍കുന്നത് കാണാം, പിന്നാലെ ആയിരുന്നു ആക്രമണം. ശേഷഗരിയെ പരിക്കേല്‍പ്പിച്ച ശേഷം പ്രതി ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പുറത്തുവന്ന സ്ത്രീയാണ് ആളുകളെ വിളിച്ചുവരുത്തിയത്.  ആക്രമണത്തില്‍ റാവുവിന്റെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വീടിന് പുറത്ത് ബൈക്കില്‍ കാത്ത് നിന്നിരുന്ന കൂട്ടാളിക്കൊപ്പമാണ്  പ്രതി രക്ഷപ്പെട്ടതെന്ന് കാക്കിനട പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബു പറഞ്ഞു.  ഇവരെ കണ്ടെത്താന്‍ നാല് പൊലീസ് അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. അക്രമം സ്വയം പ്രതിരോധിക്കുന്നതിനിടെ ശേഷഗിരിയുടെ ഇടതുകൈയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലയ്ക്കും മറ്റ് കൈവിരലുകള്‍ക്കും നിസാര പരിക്കാണ്. 

പ്രതിയെ സ്ത്രീ ഒച്ചവച്ച്  ഓടിച്ചെങ്കിലും വീടിന് സമീപം കാത്തുനിന്ന അജ്ഞാതനായ മറ്റൊരാളോടൊപ്പം ഇയാള്‍ രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി- എന്നുമായിരുന്നു എസ്പിയുടെ വാക്കുകള്‍.


സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കോണുകളിലായി അന്വേഷണം നടത്തുമെന്ന് കാക്കിനാഡ അഡീഷണല്‍ എസ്പി ശ്രീനിവാസും പറഞ്ഞു. മൊബൈല്‍ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags