മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി

ജാംനഗര്‍ : മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ജാംനഗറിൽ അടിയന്തരമായി ഇറക്കിയിരുന്നു. അസുര് എയറിന്റെ ചാർട്ടേഡ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ജില്ലാ കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ജാം നഗർ വിമാനത്താവളത്തിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്.
ഭീഷണിക്ക് പിന്നാലെ ഗോവയിലെ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിരുന്നു. റഷ്യൻ നടൻ ഓസ്കാർ കുച്ചേര അടക്കം 244 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഫോടവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചു. വിമാനം പത്തരയോടെ വിമാനം ഗോവയ്ക്ക് തിരിക്കും. യാത്രക്കാർക്ക് ജാംനഗർ വിമാനത്താവളത്തിൽ സൗകര്യങ്ങളൊക്കെ ചെയ്തു നൽകിയിട്ടുണ്ട്.