ബംഗാളിൽ പിക്കപ്പ് വാനിൽ സഞ്ചരിച്ച 10 പേർ ഷോക്കേറ്റ് മരിച്ചു
death

 

കൊൽക്കത്ത : പിക്കപ്പ് വാനിൽ സഞ്ചരിച്ച 10 പേർ ഷോക്കേറ്റ് മരിച്ചു. ബംഗാളിലെ കൂച്ച് ബിഹാറിൽ ദർല പാലത്തിൽ ഞാറാഴ്ച രാത്രി 12ഓടെയാണ് സംഭവം. സിതാൽകുച്ചി സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 27 യാത്രക്കാരുമായി വാൻ ജൽപേഷിലേക്ക് പോവുകയായിരുന്നു. വാനിലെ ഡി.ജെ സിസ്റ്റത്തിന്‍റെ ജനറേറ്ററിലെ വയറിൽ നിന്നാവാം ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.

ഷോക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 16 പേരെ ജൽപായ്ഗുരി ജില്ല ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

'പുലർച്ചെ 12 മണിയോടെ, മെഖ്‌ലിഗഞ്ച് പൊലീസ് സ്റ്റേഷനു കീഴിലുള്ള ധർല പാലത്തിൽ ജൽപേഷിലേക്ക് പോയ പിക്കപ്പ് വാനിലെ യാത്രക്കാർക്ക് ഷോക്കേറ്റു. വാഹനത്തിന്റെ പിൻഭാഗത്ത് ഘടിപ്പിച്ച ഡി.ജെ സിസ്റ്റത്തിലെ ജനറേറ്ററിന്റെ വയറിൽ നിന്നാണ് ഷോക്കുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.'- മതഭംഗ അഡീഷനൽ പൊലീസ് സൂപ്രണ്ട് അമിത് വർമ പറഞ്ഞു. വാൻ പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവർ രക്ഷപ്പെട്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Share this story