പ്രധാനമന്ത്രിയെക്കുറിച്ചുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍റെറിയില്‍ വിശദീകരണവുമായി ബിബിസി

google news
modibbc

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ'  ഡോക്യുമെന്‍റെറിയില്‍ വിശദീകരണവുമായി ബിബിസി. ഡോക്യുമെന്‍ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിബിസി വിശദീകരണത്തില്‍ വ്യക്തമാക്കി. ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്നും ബിബിസി വ്യക്തമാക്കി. 

രണ്ട് ഭാഗങ്ങളുള്ള  'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി സീരീസിലെ ആദ്യ എപ്പിസോഡ് ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം ജനുവരി 24 ന് സംപ്രേക്ഷണം ചെയ്യുമെന്ന് ബി ബി സി അറിയിച്ചിട്ടുണ്ട്. രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നതിന് മുന്നോടിയായാണ് ബി ബി സിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബിബിസി വിശദീകരണവുമായി രംഗത്ത് വന്നത്.

ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ബി ബി സിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്‍ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികണം.  ഡോക്യുമെന്‍ററി ആസൂത്രിതമാണെന്നും വസ്തുതകൾക്ക് നിരക്കത്തതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

Tags