'അസാനി' ചുഴലിക്കാറ്റ് ; ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനത്തിന് നിരോധനം

google news
fishing

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളിൽ മൽസ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മൽസ്യബന്ധനത്തിനായി പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

നിലവിൽ ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനത്തിന് ഏർപ്പെട്ടിട്ടുള്ളവർ എത്രയും പെട്ടെന്ന് സുരക്ഷിത തീരങ്ങളിലേക്ക് എത്തണമെന്നും കളക്‌ടർ അറിയിച്ചു. എന്നാൽ, കേരള-കർണാടക-ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു. നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് അസാനി ചുഴലിക്കാറ്റിന്റെ സാന്നിധ്യം ഉള്ളത്.

മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കൻ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്‌ഥാ വിഭാഗം അറിയിക്കുന്നത്. നിലവിൽ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്‌തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.

കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു. അതിനിടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ബംഗാളിൽ കനത്ത മഴ തുടരുന്നു. ബംഗാളിൽ കൊൽക്കത്ത ഉൾപ്പടെയുള്ള നഗരങ്ങളിൽ കനത്ത മഴയാണ്. വടക്കൻ ആന്ധ്രയിലും മഴ തുടരുകയാണ്. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല.എന്നാൽ, മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags