പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ
amith sha

ദില്ലി : രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡുകൾ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരായി പുല‍ര്‍ച്ചെ നടന്ന നടപടികളുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അമിത് ഷായ്ക്ക് കൈമാറി. എൻഐഎ ഡിജി ദിൻകർ ഗുപ്തയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികളറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എൻഐഎ ആസ്ഥാനത്ത് അതീവ സുരക്ഷയാണൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും അറസ്റ്റ് ചെയ്ത പി.എഫ്.ഐ നേതാക്കളെ ദില്ലിയിലെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് വിലയിരുത്തൽ. 

കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് ഇന്ന് എൻഐഎ റെയ്ഡ് നടത്തി നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ്‌ ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കമുള്ള നേതാക്കൾ എൻഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റർ ചെയ്ത കേസുകളിലായിരുന്നു എൻഐഎ നടപടി. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എൻഐഎ വ്യാപക റെയിഡ് നടത്തിയതെന്നാണ് വിശദീകരണം. 

Share this story