അമിത് ഷാ ബംഗാളിൽ : തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ സന്ദർശനം
Amit Shah


കൊല്‍ക്കത്ത: ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്‌തമാക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ വീണ്ടും ബംഗാളില്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിൽ പ്രചാരണത്തിന് നേതൃത്വം നൽകിയത് അമിത് ഷായായിരുന്നു. എന്നാൽ ബിജെപിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. അതിനാൽത്തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പാര്‍ട്ടിയെ ശക്‌തമാക്കാനാണ് ശ്രമം.

ബംഗാളിന് പിന്നാലെ കേരളവും തെലങ്കാനയുമാണ് ബിജെപി നോട്ടമിടുന്നത്. ഈ രണ്ട് സംസ്‌ഥാനങ്ങളിലും ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ നേരിട്ടെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലും തെലങ്കാനയിലും എത്തുന്നത്.

ഇടതുപക്ഷത്തിന്റെ ഭരണത്തിലുള്ള കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. കൂടാതെ തെലങ്കാന നിയമസഭയില്‍ വെറും മൂന്ന് സീറ്റുകളും നാല് എംപിമാരുമാണുള്ളത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ നികത്താനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരിൽ നാലംഗ സമിതിയെ പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുണ്ട്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍മാരായ ബൈജയന്ത് പാണ്ഡ, ദിലീപ് ഘോഷ്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ലാല്‍ സിങ് ആര്യ എന്നിവരാണ് സമിതി അംഗങ്ങള്‍.

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് കൂടാതെ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്‌ഥാന്‍, ചത്തീസ്ഗഡ്, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പാർട്ടി നേതൃത്വം പ്രത്യേക ശ്രദ്ധ ചെലുത്തും. 

Share this story