ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കൽ : തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

google news
adaar-voterid

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെതിരെ സി.പി.ഐ.എം  രംഗത്ത്. സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സുരക്ഷ, സ്വകാര്യത, വോട്ടർമാരെ ഒഴിവാക്കൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് കത്ത്.
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാരംഭിച്ച സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് അയച്ചത് .രാജ്യത്തെ വോട്ടർമാരുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കുന്നതെന്ന് സീതാറാം യെച്ചൂരി കത്തിൽ ചൂണ്ടിക്കാട്ടി.

നേരത്തേ 2015 ൽ ആധാറും തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നത് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി നിർത്തലാക്കി. എന്നാൽ അന്ന് 31 കോടി ജനങ്ങളുടെ ആധാറും ഐഡിയും അവർ അറിയാതെ ലിങ്ക് ചെയ്തിരുന്നു. അത് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിരവധി വോട്ടർമാരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടായി.സംസ്ഥാനങ്ങളിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള വോട്ടർ ഐഡികളുടെ ഡാറ്റാ ലംഘനങ്ങളും നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും നടപടികൾ പുനരാരംഭിക്കുമ്പോൾ അത് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ട്ടിക്കുക. ഡാറ്റാ ചോർച്ച തടയുന്നതിനു രാജ്യത്ത് ശക്തമായ നിയമമില്ല. രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് രീതിയെ തന്നെ അട്ടിമറിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ നടപടി നിർത്തിവെയ്ക്കേണ്ടതാണെന്നും രാഷ്ട്രീയ പാർട്ടികളേയും സുപ്രീം കോടതിയേയും വിശ്വാസത്തിലെടുക്കണമെന്നും സി പി ഐ എം കമ്മീഷനോട് ആവശ്യപ്പെട്ടു.

Tags