18 വയസിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് ഒരു ഗ്രാമം

mobile phone uses
ഉത്തരവ് ലംഘിച്ചാൽ 200 രൂപയാണ് പിഴ

മുംബൈ: 18 വയസിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് ഒരു ഗ്രാമം. ഉത്തരവ് ലംഘിച്ചാൽ 200 രൂപയാണ് പിഴ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ ബൻസി എന്ന ഗ്രാമത്തിലാണ് 18 വയസ്സിന് താഴെയുള്ള കുട്ടികളും കൗമാരക്കാരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നത്. മൊബൈൽ ഫോണിന് കൗമാരക്കാർ അടിമപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം. നവംബർ 11 ന് ഗ്രാമസഭയിൽ ഇത് സംബന്ധിച്ച പ്രമേയം ‘ഐകകണ്‌ഠേന’ അംഗീകരിച്ച് ഉത്തരവിറക്കി.

ഉത്തരവ് ലംഘിക്കുന്നവർക്ക് 200 രൂപ പിഴ ചുമത്തുമെന്ന് ഗ്രാമ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. കൊവിഡ് കാലത്തെ അമിതവും അനിയന്ത്രതുമായ മൊബൈൽ ഫോൺ ഉപയോഗം ദോഷകരമായി ബധിച്ചുവെന്നും കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റ് ബ്രൌസിങ്ങും ഓൺലൈൻ ഗെയിമിങ്ങും വർധിച്ചുവെന്നും ഇതിന് കുട്ടികൾ അടിമപ്പെട്ടുവെന്നും ഗ്രമപഞ്ചായത്ത് സർപഞ്ച് ഗജാനൻ ടെയിൽ പറഞ്ഞു.

‘ഈ തീരുമാനം നടപ്പിലാക്കുക എന്നത് പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷെ തുടക്കത്തിൽ ഞങ്ങൾ കൗൺസിലിംഗിലൂടെ വെല്ലുവിളികളെ നേരിടും, മൊബൈൽ ഉപയോഗിക്കുന്ന ഏത് കുട്ടിആയാലും 200 രൂപ പിഴ ഈടാക്കും’- എന്നുമാണ് സർപഞ്ച് പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള മികച്ച ചുവടുവയ്പ്പാണിതെന്ന് ഒരു യുവ വിദ്യാർത്ഥി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കളും ഈ ഉദ്യമത്തെ പിന്തുണച്ചതായി റിപ്പോർട്ട് പറയുന്നു.

Share this story