ഉത്തർപ്രദേശിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

wolf
wolf

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ജൂലായ് 17 മുതൽ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക്. ബഹ്റൈച്ച് ജില്ലയിൽ മാസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ നിരവധിപേർക്കാണ് പരിക്കേറ്റത്.  

അതേസമയം 'ഓപ്പറേഷൻ ഭീഡിയ' എന്ന പേരിൽ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യവും ആരംഭിച്ചിട്ടുണ്ട്. നേരത്തെ ആറ് ചെന്നായകളിൽ നാലെണ്ണത്തെ പിടികൂടിയിരുന്നു. ബാക്കിയുള്ള രണ്ട് ചെന്നായകളാണ് നിലവിൽ ഭീതിപരത്തുന്നത്. ഇവയെ കണ്ടെത്താൻ ഡ്രോണുകൾ ഉൾപ്പെടെ ഉപയോ​ഗിച്ചാണ് തിരച്ചിൽ. 

കുട്ടികളുടെ മൂത്രത്തിൽ മുക്കിയ കളിപ്പാവകൾ ഉപയോ​ഗിച്ച് ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായകൾ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ചെന്നായക്കൾ തുടർച്ചയായി വാസസ്ഥലം മാറുന്നത് തിരച്ചിലിന് വലിയ വെല്ലുവിളിയാവുകയാണ്.

Tags