കോഴിയെ ചൊല്ലി തർക്കം; വയോധികനെ തല്ലിക്കൊന്നു, 3 പേർ അറസ്റ്റിൽ
ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ കുഭകോണത്ത് കോഴിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വയോധികനെ തല്ലിക്കൊന്നു. 82 വയസ്സുകാരനായ മുരുഗയ്യനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽക്കാരായ മൂന്ന് പ്രതികൾ അറസ്റ്റിലായി. വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് ക്രൂരമായ സംഭവമുണ്ടായത്.
മുരുഗയ്യന്റെ മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാൽ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യൻ അതിനെ പിടിച്ചു കൂട്ടിലടയ്ക്കുകയായിരുന്നു. പിന്നാലെ അയൽവീട്ടിലെ സെൽവറാണിയും, മക്കളായ ബാബുരാജ്, ഭാരതി എന്നിവരും കോഴിയെ അന്വേഷിച്ച് മുരുകയ്യൻ്റെ വീട്ടിലെത്തി.
കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകൻ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുകയ്യൻ പറഞ്ഞെങ്കിലും മൂവരും വഴങ്ങിയില്ല. വാക്കുതർക്കത്തിനിടെ സെൽവറാണിയും മക്കളും മുരുകയ്യന്റെ നെഞ്ചിൽ ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ കുഴഞ്ഞുവീണ മുരുകയ്യനെ മറ്റ് അയൽക്കാർ ചേർന്ന് കുംഭകോണത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയൽക്കാർ വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.