2 ജി സ്‌പെക്ട്രം കേസ് ; ഹർജികൾ ഉടൻ തീർപ്പാക്കണമെന്ന് സി.ബി.ഐ
 CBI officials

ന്യൂഡല്‍ഹി : 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍കേന്ദ്രമന്ത്രി എ. രാജ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സംഭവത്തിൽ പ്രത്യേക കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികളില്‍ ദൈനംദിനം വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയോട് സി.ബി.ഐ. അത് സാധിച്ചില്ലെങ്കില്‍ അപ്പീലില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നല്‍കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു.

കുറ്റവിമുക്തരാക്കിയതിന്റെ പേരില്‍ ചില വ്യക്തികളും സംഘടനകളും നടത്തുന്ന അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹൈക്കോടതിയില്‍ സി.ബി.ഐ. ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ പറഞ്ഞു .

എന്നാല്‍ സി.ബി.ഐയുടെ ആവശ്യം അടിയന്തിരമായി അംഗീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി തയ്യാറായില്ല. വിചാരണ കോടതി ഉത്തരവിനെതിരെ സി.ബി.ഐ. നല്‍കിയ അപ്പീലുകള്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സി.ബി.ഐയുടെ ആവശ്യം വിവേചനപരമാണെന്ന് കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട ഷാഹിദ് ബല്‍വാ, വിനോദ് ഗോയങ്ക എന്നിവരുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

ദയാനിധി മാരന്‍, ശ്യാമള്‍ ഘോഷ് എന്നിവരെ മറ്റൊരു കേസില്‍ കുറ്റവിമുക്തരാക്കിയതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് അഭിഭാഷകരുടെ വാദം. എ. രാജയെ കുറ്റവിമുക്തമാക്കിയ ഉത്തരവിനും വളരെ മുമ്പാണ് ദയാനിധി മാരനെ കുറ്റ വിമുക്തമാക്കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതെന്നും ഷാഹിദ് ബല്‍വാ, വിനോദ് ഗോയങ്ക എന്നിവരുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

Share this story