196 കുട്ടികള്‍ക്കാണ് ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ ജന്മം നല്‍കിയത്, പുരുഷ ജീവനക്കാരെ വിലക്കണം; അമിക്കസ് ക്യൂറി

google news
pregnant

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന സ്തീകള്‍ ഗര്‍ഭിണികളാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഗര്‍ഭിണികളാകുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നതായി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനകം 196 കുട്ടികള്‍ക്കാണ് ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ ജന്മം നല്‍കിയതെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷയം ഹൈക്കോടതി വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചത്. ക്രിമിനല്‍ കേസുകള്‍ക്കായുള്ള പ്രത്യേക ഡിവിഷന്‍ ബെഞ്ചിന് ഇതില്‍ വാദം കേള്‍ക്കാനായി കോടതി ഉത്തരവിട്ടു. സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന തടവറകളിലേക്ക് പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിര്‍ദേശം.

ജയിലറകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി എത്തിയ അമിക്കസ് ക്യൂറി സംഘം ഒരു ഗര്‍ഭിണിയെയും ജയിലില്‍ ജനിച്ച 15 കുട്ടികളെയും കണ്ടെന്നാണ് പറയുന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.

Tags