19 എംഎല്‍എമാര്‍ ശരദ് പവാര്‍ പക്ഷത്തേയ്ക്ക്? അടിയന്തിര യോഗം വിളിച്ച് പാര്‍ട്ടി

pawar

അജിത് പവാറിന്റെ കൂടെയുള്ള 19 എംഎല്‍എമാര്‍ കൂറുമാറുമെന്ന ആരോപണത്തിന് പിന്നാലെ പ്രത്യേക യോഗം ചേര്‍ന്ന് പാര്‍ട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് എന്‍സിപി നേരിട്ടത്. ശരദ്പവാര്‍ വിഭാഗത്തിലേക്ക് കാലുമാറിയ രണ്ട് നേതാക്കള്‍ ഞെട്ടിക്കുന്ന വിജയമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചതും. ഇതിന് പിന്നാലെയാണ് അജിത് പവാര്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ ശരദ് പവാറിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി അജിത്തിന്റെ സഹോദര പൗത്രനും കര്‍ജാത്ജാംഖഡ് എംഎല്‍എയുമായ രോഹിത് പവാര്‍ വെളിപ്പെടുത്തിയത്. പിന്നാലെ അജിത് പവാര്‍ വിഭാഗം എംഎല്‍എമാര്‍ അടിയന്തിര യോഗം വിളിച്ച് കൂട്ടുകയായിരുന്നു. അജിത്തിന്റെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്.

അജിത് പവാറിന്റെ എംഎല്‍എമാരില്‍ 19 പേര്‍ വരെ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം നിന്നവര്‍ക്ക് ശരദ് പവാര്‍ പ്രധാന്യം നല്‍കുമെന്നും അവര്‍ക്കായിരിക്കും പാര്‍ട്ടിയുടെ മുന്‍ഗണനയെന്നുമാണ് രോഹിത് പവാര്‍ പറഞ്ഞത്. എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥികളായ നിലേഷ് ലങ്കെ, ബജ്‌രംഗ് സോനവാനെ എന്നിവരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചത്. അഹമ്മദ്‌നഗര്‍, ബീഡ് എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ഇരുവും ജനവിധി തേടിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെയാണ് ഇരുവരും കാലുമാറിയത്.
ശരദ് പക്ഷത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ശരദ് പവാര്‍ കൈക്കൊള്ളുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ അറിയിച്ചു. എന്‍സിപി അജിത് വിഭാഗം സംസ്ഥാന പ്രസിഡന്റ് സുനില്‍ തത്കരെ പാര്‍ട്ടിയില്‍ നിന്ന് ആരും ശരദ് പവാര്‍ പക്ഷത്തേക്ക് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അറിയിച്ചത്. ശരദ് പവാര്‍ ഗ്രൂപ്പിലെ ചില എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെ തത്കരെ ആരോപിച്ചു.

Tags