ഗര്‍ഭകാലത്ത് സ്ത്രീകളെ കടന്നുപിടിക്കാൻ സാധ്യതയുള്ള രോഗങ്ങളെ കുറിച്ചറിയാം...

pregnancy

 ഗര്‍ഭകാലമെന്നാല്‍ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. ശാരീരികവും മാനസികവുമായി സ്ത്രീകള്‍ ഏറ്റവുമധികം മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയം. പല സ്ത്രീകളിലും ഗര്‍ഭകാലത്ത് പ്രത്യേകമായി ചില ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും പ്രസവത്തോടെ ഭേദമാവുകയും ചെയ്യാം.

എന്നാല്‍ ഗര്‍ഭകാലത്തെ അസുഖങ്ങള്‍ തീര്‍ച്ചയായും അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്നതാണ്. അത്തരത്തില്‍ ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളെ ബാധിക്കുന്നൊരു പ്രശ്നമാണ് വിഷാദരോഗം. പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന വിഷാദരോഗം അഥവാ പോസ്റ്റുപാര്‍ട്ടം ഡിപ്രഷനെ കുറിച്ച് ഏറെ ചര്‍ച്ചകളുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഗര്‍ഭകാലത്തെ വിഷാദത്തെ കുറിച്ച് അത്രമാത്രം പറഞ്ഞുകേള്‍ക്കാറില്ല.

എന്നാലിതത്ര നിസാരമാക്കി കളയാവുന്ന വിഷയവുമല്ല. ഏഴിലൊരു സ്ത്രീയെ എങ്കിലും ഗര്‍ഭകാല വിഷാദം പിടികൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന. ഇത് താല്‍ക്കാലികമായുണ്ടാക്കുന്ന പ്രശ്നങ്ങളെക്കാളുപരി ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന പോലുള്ള പ്രശ്നങ്ങളാണ് അമ്മയിലോ കുഞ്ഞിലോ അവശേഷിപ്പിക്കുക. അതുകൊണ്ട് തന്നെയാണ് ഇത് നിസാരമായി കണക്കാക്കാൻ സാധിക്കില്ലെന്ന് പറയുന്നത്.

ദുഖം, സ്വയം മൂല്യമില്ലെന്ന് തോന്നല്‍, ഉത്കണ്ഠ, ദേഷ്യം എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായുണ്ടാകാം.  ജീവിതരീതികളില്‍ ചിലത് ശ്രദ്ധിക്കുന്നതിലൂടെ ഗര്‍ഭകാലവിഷാദത്തെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ ചെയ്യാവുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

തെറാപ്പി: വിഷാദലക്ഷണങ്ങള്‍ കാണുന്നപക്ഷം വിദഗ്ധരെ കണ്‍സള്‍ട്ട് ചെയ്യാം. ഇവരുടെ നിര്‍ദേശപ്രകാരം തെറാപ്പി തേടാം. തെറാപ്പി വിഷാദരോഗത്തിന് ഏറെ ഗുണം ചെയ്യുന്ന ചികിത്സാരീതിയാണ്. ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞിട്ടും അത് അവഗണിക്കരുതെന്ന് സാരം.

രണ്ട്...

വ്യായാമം : പതിവായി വ്യായാമം ചെയ്യുന്നത് വിഷാദരോഗം ചെറുക്കുന്നതിനും അത് തീവ്രമാകാതിരിക്കുന്നതിനും സഹായകമാണ്. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തെയും നല്ലരീതിയില്‍ സ്വാധീനിക്കാം. വ്യായാമം ചെയ്യുമ്പോള്‍ പ്രധാനമായും സന്തോഷം നിദാനം ചെയ്യുന്ന ഹോര്‍മോണുകളായ സെറട്ടോണിന്‍, ഡോപമിന്‍ എന്നിവയെല്ലാം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് വിഷാദത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വലിയൊരു പരിധി വരെ പരിഹരിക്കപ്പെടുന്നത്.

മൂന്ന്...

സിബിടി ( കൊഗ്നീറ്റിവ് ബിഹേവിയറല്‍ തെറാപ്പി): സിബിടിയും ഗര്‍ഭകാല വിഷാദത്തെ കൈകാര്യം ചെയ്യുന്നതിന് ഫലപ്രദമായ ചികിത്സാരീതിയാണ്. ഒരു വ്യക്തി അയാളുമായിത്തന്നെ ആശയവിനിമയം നടത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന തെറാപ്പിയാണിത്. എനിക്ക് അമ്മയാകാൻ സാധിക്കില്ല, ഞാൻ നല്ലൊരു രക്ഷിതാവായിരിക്കില്ല തുടങ്ങിയ ആശയക്കുഴപ്പങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുണ്ടായിരിക്കും. ഗര്‍ഭകാലത്തെ വിഷാദത്തിന്‍റെ ഭാഗമായാണ് ഇങ്ങനെയുള്ള ചിന്തകള്‍ വരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം സിബിടിയിലൂടെ പരിഹരിക്കാൻ സാധിക്കും.

നാല്...

ആശയവിനിമയം ഉറപ്പാക്കുക: മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൃത്യമായ ആശയവിനിമയമാണ്. ചുറ്റുമുള്ളവരുമായി മനസ് തുറന്ന് സംസാരിക്കാൻ ഗര്‍ഭകാല വിഷാദം നേരിടുന്ന സ്ത്രീകള്‍ തയ്യാറാകണം. അവരെ കേള്‍ക്കാൻ അവര്‍ക്കായി കരുതലെടുക്കാനും തിരിച്ച് മറ്റുള്ളവരും തയ്യാറാകണം. ഇത് വലിയ രീതിയിലുള്ള ആശ്വാസമാണ് രോഗാവസ്ഥയ്ക്ക് ഉണ്ടാക്കുക.

അഞ്ച്...

ഡയറ്റ്: ഗര്‍ഭകാലത്ത് ഡയറ്റിനുള്ള പ്രാധാന്യം ചെറുതല്ലെന്ന് നമുക്കറിയാം. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളപ്പോള്‍ ഭക്ഷണം കൂടുതലായി ശ്രദ്ധിക്കണം. ഗര്‍ഭകാല വിഷാദം നേരിടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ കരുതല്‍ വേണം. സന്തോഷം ലഭിക്കാനും, മാനസികാവസ്ഥ മാറ്റാനുമെല്ലാം കഴിവുള്ള തരം ഭക്ഷണമാണ് തെരഞ്ഞെടുത്ത് കഴിക്കേണ്ടത്. ഇതിന് ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്‍റെ സഹായം തേടാം.

Share this story