ആരോഗ്യത്തോടെ ഇരിക്കാന്‍ അരവണ്ണം ഉയരത്തിന്‍റെ പകുതിയിലും താഴെയായിരിക്കണമെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധര്‍

google news
weightlosstips

ആരോഗ്യത്തോടെ ജീവിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും അരക്കെട്ടിന്‍റെ വണ്ണം എപ്പോഴും ഉയരത്തിന്‍റെ പകുതിയിലും താഴെയാക്കി നിലനിര്‍ത്തണമെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധര്‍. ബോ‍ഡി മാസ് ഇന്‍ഡെക്സ് അളക്കുന്നതിനേക്കാൾ ഇതാകും കൂടുതല്‍ പ്രയോജനപ്രദമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ബോഡി മാസ് ഇന്‍ഡെക്സ് അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് കണക്കിലെടുക്കുന്നില്ല. 35ന് മുകളില്‍ ബിഎംഐ ഉള്ളവരിലും ഗര്‍ഭിണികളിലും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലും ബിഎംഐ കണക്ക് കൃത്യമല്ലെന്നും യുകെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സിന്‍റെ പുതിയ മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു.   

അഞ്ചടി ഒന്‍പത് ഇഞ്ച് ഉയരമുള്ള ഒരാളുടെ അരക്കെട്ടിന്‍റെ വ്യാപ്തി ഇത് പ്രകാരം 87.5 സെന്‍റിമീറ്ററില്‍(34 ഇഞ്ച്) താഴെയായിരിക്കണം.  സെന്‍ട്രല്‍ അഡിപോസിറ്റി എന്ന് വിളിക്കുന്ന അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് ടൈപ്പ് 2 പ്രമേഹത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഏഷ്യന്‍ വംശജരിലും മറ്റ് ചില വംശജരിലും സെന്‍ട്രല്‍ അഡിപോസിറ്റി വരാനുള്ള സാധ്യത കൂടുതലാണെന്നും മാര്‍ഗരേഖ പറയുന്നു.അരവണ്ണം അളക്കുന്നതിനുള്ള കൃത്യമായ നിര്‍ദേശങ്ങളും മാര്‍ഗരേഖയിലുണ്ട്. വാരിയെല്ലുകളുടെ അടിവശവും ഇടുപ്പിന്‍റെ മേല്‍വശവും ഇതിനായി കണ്ടെത്തണം. ഇവയ്ക്ക് നടുവിലായി ഒരിടത്ത് ടേപ്പ് പിടിച്ചാണ് അരക്കെട്ടിന്‍റെ വ്യാപ്തി അളക്കേണ്ടത്. അളക്കുമ്പോൾ  ശ്വാസം പുറത്തേക്ക് വിട്ട് സാധാരണ രീതിയില്‍ നില്‍ക്കേണ്ടതാണെന്നും മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ അരക്കെട്ടിന്‍റെ വണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യം നിര്‍ണയിക്കുന്നത് ഉയരം  കുറഞ്ഞവരിലും 60 വയസ്സിനു മുകളില്‍ പ്രായമായവരിലും അത്ര കൃത്യമാകില്ലെന്ന സംശയവും ഉയരുന്നുണ്ട്. പ്രായമാകുന്നതിന് അനുസരിച്ച് ചിലരുടെ ഉയരം കുറയാമെന്നതിനാലാണ് ഇത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യം വിലയിരുത്തുന്നതിന് അരക്കെട്ടും ഉയരവുമായുള്ള അനുപാതം നോക്കേണ്ടതില്ലെന്നും മാര്‍രേഖ കൂട്ടിച്ചേര്‍ക്കുന്നു.

Tags