മുപ്പത് കഴിഞ്ഞ പുരുഷന്‍മാരുടെ ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് നോക്കാം...

healthy men

പുരുഷന്മാര്‍ പലപ്പോഴും അവരുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല. ജീവിതശൈലി മൂലവും ജോലി തിരക്കുകള്‍ മൂലവും മോശം ഭക്ഷണരീതികള്‍ കാരണവും വളരെ ചെറുപ്പത്തില്‍ തന്നെ പല രോഗങ്ങളും അവരെ തേടിയെത്താം. വിറ്റാമിനുകളുടെ കുറവ് മൂലവും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.  

1. വിറ്റാമിന്‍ ഡി

മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ക്ക് അത്യാവിശ്യം വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. കാത്സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കാനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഡി പ്രധാനമാണ്. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും  കാഴ്ചശക്തിക്കും ഇവ ഗുണം ചെയ്യും. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

2. വിറ്റാമിന്‍ ബി12

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. മുട്ട, പാലും പാലുല്‍പ്പന്നങ്ങളും, സാല്‍മണ്‍ മത്സ്യം, മഷ്റൂം, ബീറ്റ്റൂട്ട്, വാഴപ്പഴം തുടങ്ങിയവയൊക്കെ കഴിക്കുന്നത് വിറ്റാമിന്‍ ബി12ന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

3. വിറ്റാമിന്‍ സി

പുരുഷന്മാരില്‍ ബീജത്തിന്റെ ആരോ​ഗ്യത്തിനും ഒപ്പം രോഗ പ്രതിരോധശേഷിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ സി പ്രധാനമാണ്. ചെറുനാരങ്ങ, ഓറഞ്ച്, കിവി, സ്ട്രോബെറി, പേരയ്ക്ക, നെല്ലിക്ക, പപ്പായ, ചീര, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയിലൊക്കെ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

4. വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇയും പുരുഷന്മാരില്‍ ബീജത്തിന്റെ ആരോ​ഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ പ്രധാനമാണ്. ചീര, ബദാം, നിലക്കടല, മീനെണ്ണ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.

5. വിറ്റാമിന്‍ ബി6

ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. കൂടാതെ പ്രതിരോധശക്തിയ്ക്ക് അത്യന്താപേക്ഷിതമായ  ഒന്നാണ് വിറ്റാമിന്‍ ബി6. ക്യാരറ്റ്, നേന്ത്രപ്പഴം, ചീര, പാല്‍. ചിക്കന്‍റെ ലിവര്‍, നിലക്കടല, സോയ ബീന്‍സ്, ഓട്സ് തുടങ്ങിയവയില്‍ നിന്നൊക്കെ വിറ്റാമിൻ ബി6 ലഭിക്കും.

6. വിറ്റാമിന്‍ ബി9

ഫോളേറ്റ് അഥവാ വിറ്റാമിന്‍ ബി9 ഡിഎന്‍എയുടെ നിര്‍മാണത്തിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും ആവശ്യമാണ്. പയര്‍ വര്‍ഗങ്ങള്‍, ചീര, മുട്ട, പാല്‍, ബീറ്റ്റൂട്ട്, നട്സ് തുടങ്ങിയവയിലൊക്കെ ഫോളേറ്റ്  അടങ്ങിയിരിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags