മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം; കാരണം ഇതാ...

turmeric

ഔഷധ ഗുണങ്ങളുടെ പേരിൽ നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ്  ഗുണങ്ങൾ അടങ്ങിയ മഞ്ഞള്‍ ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ഉണങ്ങാത്ത വ്രണം, നീര്‍വീഴ്ച തുടങ്ങിയ അവസ്ഥകളില്‍ ശരീരബലം വര്‍ധിപ്പിച്ച് രോഗശമനം ഉണ്ടാക്കുന്നു. ഒപ്പം ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. മഞ്ഞള്‍ ആന്‍റി- ഓക്സിഡന്‍റ് ആയി നില്‍ക്കുകയും വിവിധ അണുബാധകളില്‍ നിന്ന് ശ്വാസകോശത്തെ രക്ഷിക്കുകയുമാണ് ചെയ്യുന്നത്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായകം ആകുന്നത്.

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മഞ്ഞള്‍ സഹായകം ആണ്. ചര്‍മ്മത്തിലുണ്ടാകുന്ന വിവിധ അണുബാധകളെ തടയാന്‍ മഞ്ഞള്‍ സഹായകമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ തന്നെയാണ് ഇതിനും സഹായകമാകുന്നത്.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags