എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ?

google news
amoebic encephalitis

വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്കു ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം). നെഗ്‌ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നതു വഴി അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ ശരീരത്തിനകത്തേക്കു കടക്കുന്നു. 

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്.എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂർവ്വം ചിലരിൽ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. 

രോഗലക്ഷണങ്ങൾ

രോഗാണുബാധ ഉണ്ടായി ഒന്നു മുതൽ ഒൻപതു ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്തു പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. ഈ രോഗത്തിനു ഫലപ്രദമായ മരുന്നുകളില്ല. നെഗ്‌ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.

അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

* സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക

* പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

* നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

* മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക

* തല വെള്ളത്തിൽ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.

* നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക 

Tags