കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങളെ അറിയൂ...

liver

നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. കൂടാതെ  മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. മദ്യം കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് നമ്മുക്ക് അറിയാം.  അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പഞ്ചസാര അഥവാ മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാരയുടെ അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

രണ്ട്...

സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ പതിവായി കഴിക്കുന്നതും ഫാറ്റി ലിവറിനും മറ്റ് കരള്‍ രോഗങ്ങള്‍ക്കും കാരണമായേക്കാം. കാരണം ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാം. അതിനാല്‍ സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയവയും പരമാവധി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

മൂന്ന്...

റെഡ് മീറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ കൊഴുപ്പ്  കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി പരമാവധി പരിമിതപ്പെടുത്തുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

നാല്...

ഉപ്പ് അധികം കഴിക്കുന്നതും കുറയ്ക്കുക. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താനും കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്.  

അഞ്ച്...

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ചോറ്, വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ആറ്...

കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

Tags