വേനൽക്കാലത്ത് പതിവായി സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ അറിയാം...

sunscreen

ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിനും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും ദിവസവും സൺസ്ക്രീൻ പുരട്ടുന്നത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് പതിവായി സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

1. സ്കിന്‍ ക്യാൻസറിനെ തടയുന്നു

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) വികിരണം ചർമ്മകോശങ്ങളിലെ ഡിഎൻഎയെ ബാധിക്കുകയും ഇത് മെലനോമ പോലെയുള്ള സ്കിന്‍ ക്യാന്‍സറിന് കാരണമാവുകയും ചെയ്യും. അതിനാല്‍  സൺസ്‌ക്രീന്‍ ഉപയോഗിക്കുന്നത് സ്കിന്‍ ക്യാൻസര്‍ വരാനുള്ള  സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു.

2. സൂര്യാഘാത സാധ്യത കുറയ്ക്കുന്നു

യുവി രശ്മികൾ ചർമ്മത്തിൻ്റെ പുറം പാളികൾക്ക് കേടുപാടുകൾ വരുത്തി സൂര്യതാപം ഉണ്ടാക്കുന്നു. ഇതിനെ തടയാനും സൺസ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

3. അകാല വാർദ്ധക്യം തടയുന്നു

യുവി രശ്മികൾ ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയെ തകർക്കുകയും ചെയ്യുന്നു. ഇത് മൂലം ചര്‍മ്മത്തില്‍ ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ എന്നിവയ്ക്ക് കാരണമാകാം. സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ തടയുകയും  പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും.

4. സൂര്യൻ മൂലമുണ്ടാകുന്ന അലർജിയെ തടയുന്നു

ചില ആളുകൾക്ക് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചര്‍മ്മത്ത് ചില അലര്‍ജികള്‍ ഉണ്ടാകാം. ഇത്തരം അലജികളെ തടയാനും സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.

5. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നു

ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല.  സൺസ്‌ക്രീൻ ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചൂട് മൂലമുണ്ടാകുന്ന ചർമ്മ അവസ്ഥകളുടെ സാധ്യതകളയെ കുറയ്ക്കുകയും ചെയ്യുന്നു.

6. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നു

പല ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും, പ്രത്യേകിച്ച് റെറ്റിനോയിഡുകൾ, എഎച്ച്എകൾ തുടങ്ങിയ  ഘടകങ്ങൾ അടങ്ങിയവ ചർമ്മത്തെ സൂര്യനോട് കൂടുതൽ സെൻസിറ്റീവ് ആക്കും. ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഈ ഉൽപ്പന്നങ്ങൾ സൂര്യാഘാത സാധ്യത വർദ്ധിപ്പിക്കാതെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

Tags