ഹൃദയത്തിന് പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ഷുഗറും ബിപിയും കൊളസ്ട്രോളും ഉള്ളവര്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ...

heart attack

പ്രമേഹം (ഷുഗര്‍) ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തെ കുറെക്കൂടി ഗൗരവമായി ഇന്ന് ഏവരും എടുക്കുന്നുണ്ട്. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ എത്തിക്കാം എന്ന അവബോധമാണ് പ്രമേഹത്തെ കാര്യമായി എടുക്കാൻ ഏവരെയും പ്രേരിപ്പിക്കുന്നത്.

പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാൻ ഇരട്ടി സാധ്യതയോളമുണ്ടെന്ന് നിരവധി പഠനങ്ങള്‍ അടിവരയിട്ട് പറയുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ പ്രമേഹമുള്ളവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നത് പ്രതിരോധിക്കാൻ സാധിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒന്ന്...

പ്രമേഹമുള്ളവര്‍ ബിപിയും നിയന്ത്രിക്കണം. ചിലര്‍ക്ക് പ്രമേഹവും ബിപിയുമുണ്ടാകാം. ഇങ്ങനെയെങ്കിലും പ്രമേഹത്തിനൊപ്പം ബിപിയും നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കണം. ഇല്ലാത്തപക്ഷം ഹൃദയത്തിന് അത് ഭീഷണി തന്നെയാണ്.

രണ്ട്...

പ്രമേഹമുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ഷുഗര്‍ ചെക്ക് ചെയ്യണം. നിയന്ത്രിതമായ അളവില്‍ അല്ല ഷുഗര്‍ എങ്കില്‍ അത് ഹൃദയത്തിന് ഭീഷണിയാണ്. അതിനാല്‍ പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യണം.

മൂന്ന്...

പ്രമേഹമുള്ളവര്‍ ശരീരഭാരം കൂടുന്നതും ശ്രദ്ധിക്കണം. ഇതും ഹൃദയത്തിന് വെല്ലുവിളിയാണ്. പ്രമേഹവും അമിതവണ്ണവും കൂടിയുള്ളവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത പിന്നെയും കൂടുകയാണ്. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമം പതിവാക്കുന്നത് വണ്ണം കൂടുന്നതിനെ തടയുംയ

നാല്...

പ്രമേഹമുള്ളവരിലെ ബിപിയുടെ കാര്യം സൂചിപ്പിച്ചത് പോലെ തന്നെ കൊളസ്ട്രോളിന്‍റെ കാര്യവും ഏറെ പ്രധാനമാണ്. കൊളസ്ട്രോളുണ്ടെങ്കില്‍ അതും നിയന്ത്രിക്കണം. ഇല്ലെങ്കില‍്‍ വീണ്ടും ഹൃദയത്തിന് വെല്ലുവിളി ഇരട്ടിക്കുക തന്നെ.

അഞ്ച്...

പ്രമേഹമുള്ളവര്‍, അതുപോലെ മറ്റ് ജീവിതശൈലീരോഗങ്ങളുള്ളവര്‍ പുകവലിയില്‍ നിന്ന് തീര്‍ത്തും മാറിനില്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇതും ഹൃദയാരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു.

ആറ്...

ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ മാത്രമല്ല എല്ലാവരും പരിമിതമായ കായികാധ്വാനമോ വ്യായാമമോ എങ്കിലും പതിവായി ചെയ്യണം. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് ദോഷമാണ്. പക്ഷേ പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും വ്യായാമം ചെയ്തിരിക്കണം. അലസമായ ജീവിതരീതി ഇവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പ്രമേഹമുള്ളവര്‍ അവരുടെ മറ്റ് ആരോഗ്യാവസ്ഥകളും പ്രായവുമെല്ലാം അനുസരിച്ച് യോജിക്കുന്ന വ്യായാമം ചെയ്താല്‍ മതിയാകും.

Tags