ശക്തമായ തലവേദനയും തലയ്ക്കുള്ള ഭാരവും ഉണ്ടോ ? ; അറിയാം എന്താണ് സൈനസൈറ്റിസ്?
Headaches

ഇന്ന് വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. പല രോഗികളും ചോദിക്കാറുണ്ട് “ഇത് പൂർണമായും മാറ്റാൻ കഴിയുമോ?’’ എന്ന്‌. ആ ചോദ്യത്തിനുള്ള ഉത്തരത്തിന് മുൻപ് സൈനസൈറ്റിസ് എന്താണെന്ന് മനസ്സിലാക്കാം. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എത്‌മോയിഡ് സൈനസ്, മൂക്കിന്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.

കാരണങ്ങൾ

ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ (Polyps), സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.

ലക്ഷണങ്ങൾ

സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണം തലവേദനയും തലയ്ക്കുള്ള ഭാരവുമാണ്. ഏത് സൈനസിനാണോ ബാധിച്ചത് എന്നതനുസരിച്ചാണ് തലയുടെ ഏത്‌ ഭാഗത്ത് വേദനയുണ്ടാകുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ. തലവേദനയില്ലെങ്കിൽ അതിന് സൈനസൈറ്റിസ് എന്ന് വിളിക്കാൻ പ്രയാസമാണ്, അത് അലർജിപോലുള്ള പ്രശ്നങ്ങളാവാം. സാധാരണമായി മൂക്കിന്‌ ചുറ്റുമാണ് വേദന അനുഭവപ്പെടുന്നത്. സ്ഫിനോയ്ഡ് സൈനസിനെ ബാധിച്ചിട്ടുണ്ടെങ്കിൽ നെറുകയിൽ വേദനയുണ്ടാകാം. രാവിലെയാണ് തലവേദന അധികമായുണ്ടാകുക. പകലാവുംതോറും കഫം പോകുന്നതനുസരിച്ച് തലവേദന കുറഞ്ഞുവരും.

തലവേദനയ്ക്ക്‌ പുറമേ മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന്‌ ദുർഗന്ധം എന്നിവയൊക്കെയാണ് സൈനസൈറ്റിസിന്റെ മറ്റ്‌ ലക്ഷണങ്ങൾ.

ചികിത്സ

ഘട്ടങ്ങളായുള്ള ചികിത്സാരീതിയാണ് പ്രയോജനപ്പെടുക. ഏത്‌ ഘട്ടത്തിലാണോ രോഗിക്ക് രോഗലക്ഷണങ്ങളിൽനിന്ന്‌ മുക്തി ലഭിക്കുന്നത് അവിടെവെച്ച് ചികിത്സ നിർത്താം.

വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്ന ശക്തമായ ജലദോഷത്തിനുശേഷം കാണുന്നതാണ് ‘അക്യൂട്ട്’ സൈനസൈറ്റിസ്. ഇത് അത്ര ഉപദ്രവകാരിയല്ല. ഇതിന് മരുന്നുകൾ മാത്രം മതിയാകും. അണുബാധ പരിഹരിക്കാനുള്ള ആന്റിബയോട്ടിക്കുകളും മൂക്കിലെ തടസ്സം നീക്കാനുള്ള നാസൽ ഡ്രോപ്സും (Nasal drops) കഫം അലിഞ്ഞുപോകാനുള്ള മരുന്നുകളും കൊണ്ടുതന്നെ കുറച്ച്‌ ദിവസങ്ങളിൽ അക്യൂട്ട് സൈനസൈറ്റിസ് ഭേദമാകാറുണ്ട്.

പ്രധാന പ്രശ്നം ക്രോണിക് സൈനസൈറ്റിസാണ്. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള സൈനസൈറ്റിസ്-ഇതാണ്‌ ക്രോണിക് സൈനസൈറ്റിസ്. ഇതിനുള്ള ചികിത്സ കൂടുതൽ ഗൗരവത്തോടെ ചെയ്യണം. ക്രോണിക് സൈനസൈറ്റിസിന്റെ പ്രാഥമിക പരിശോധന എന്നത് നാസൽ എൻഡോസ്കോപി (Nasal endoscopy) ആണ്. ഒരു ക്യാമറ ഉപയോഗിച്ച് ഒ.പി.യിൽ തന്നെ ഇത് ചെയ്യുന്നതാണ്. മൂക്കിൽ മരുന്നിറ്റിച്ചതിനുശേഷം എൻഡോസ്കോപ്പ് ഉപയോഗിച്ച് സൈനസിന്റെ ദ്വാരങ്ങൾ നേരിട്ട് പരിശോധിക്കാനും അതിനെ തടസ്സപ്പെടുത്തുന്ന ദശകളോ, കട്ടിയുള്ള കഫമോ വളഞ്ഞിരിക്കുന്ന പാലമോ ഉണ്ടോ എന്ന് മനസ്സിലാക്കാനും സാധിക്കും.

ചെറിയ കാരണങ്ങളാണെങ്കിൽ മരുന്നുകൊണ്ടുള്ള ചികിത്സ തുടങ്ങും. ക്രോണിക് സൈനസൈറ്റിസിന്റെ പ്രധാനപ്പെട്ട മരുന്ന് മൂക്കിലടിക്കുന്ന സ്റ്റിറോയ്ഡ് നാസൽ സ്പ്രേ (Steroid Nasal Spray) ആണ്. ഇത് രക്തത്തിലേക്ക് കയറാത്തതിനാൽ പാർശ്വഫലങ്ങളോ അഡിക്‌ഷനോ ഇല്ലാതെ സുരക്ഷിതമായി ഉപയോഗിക്കാം. ആന്റിബയോട്ടിക്കുകൾക്ക് ക്രോണിക് സൈനസൈറ്റിസിൻറെ ചികിത്സയിൽ വലിയ പ്രാധാന്യമില്ല. കാരണം ഇത് വെറുമൊരു അണുബാധ അല്ല. സൈനസ് ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നതുമൂലം കെട്ടിക്കിടക്കുന്ന കഫം കാരണമാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് അണുബാധ മാത്രം ചികിത്സിച്ചാൽ മതിയാവില്ല, നേരേമറിച്ച് ദ്വാരങ്ങൾ തുറക്കാനുള്ള ചികിത്സയാണിതിൽ പ്രധാനമായി വേണ്ടത്. മെഡിക്കൽ തെറാപ്പി കൊണ്ട്തന്നെ പലർക്കും ആശ്വാസം ലഭിക്കാറുണ്ട്.

പക്ഷേ, ചിലരിൽ മരുന്ന് ചികിത്സ പൂർണമായും ഫലപ്രദമാവില്ല. അവർക്ക് ചികിത്സയുടെ അടുത്ത പടിയിലേക്ക് പോകണം. ഇവർക്ക് സൈനസിന്റെ സി.ടി. (C.T. Scan) എടുത്ത് സൈനസിന്റെ ഉള്ളിലുള്ള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുവേണം അടുത്ത ചികിത്സ. ചില രോഗികളിൽ കാണാറുള്ള സൈനസിലെ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളും സി.ടി. സ്കാനിൽ തിരിച്ചറിയാനാകും.

Share this story