ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം
ALZHEIMERS

ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. 1906 ൽ അലോയ്‌സ് അൽഷിമേർസ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില പ്രത്യേക വ്യത്യാസങ്ങൾ കണ്ടെത്തി . അവിടെ നിന്നാണ് അൽഷിമേർസ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്. 

തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ പതിയെ നശിക്കുന്ന ഡിമൻഷ്യ എന്ന രോഗങ്ങളിൽ പെട്ട രോഗമാണ് അൽഷിമേർസ് രോഗം. പതിയെപതിയെ കാര്യങ്ങൾ മറന്നു തുടങ്ങുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് ,പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശേഷിയാണ് കുറഞ്ഞു തുടങ്ങുക,പഴയ കാര്യങ്ങൾ ഓർമ്മയിലുണ്ടാകും .മറവിയെന്നു പറഞ്ഞെങ്കിലും എല്ലാ മറവിയും അൽഷിമേർസ് രോഗമല്ല .

അല്‍ഷിമേഴ്‌സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സര്‍വ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. മറവി, സാധാരണ ചെയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്, സാധനങ്ങള്‍ വച്ച് മറക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുക, വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുവാന്‍, ഈ ലോക അല്‍ഷിമേഴ്‌സ് ദിനത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മ്മിക്കാനായി ഒരു ദിനം ആയിട്ടാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്നത്. ‘മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ’ (Know Dementia, Know Alzheimer’s) എന്ന കഴിഞ്ഞ വര്‍ഷത്തെ പ്രമേയം തന്നെയാണ് ഈ വര്‍ഷവും. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനോടുള്ള സ്ടിഗ്മ കുറയ്ക്കുക, നേരത്തെ കണ്ടെത്തുക, തുടര്‍ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കല്‍ കോളജ് ന്യുറോളോജി, സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യുണിറ്റുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകള്‍ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Share this story