കോവിഡ് കാലത്ത് ലോക്ക്ഡൗണും സ്കൂളുകൾ അടച്ചതും കുട്ടികളുടെ മാനസികനിലയെ ബാധിച്ചു : ലോകാരോ​ഗ്യസംഘടന
kids health

കോവിഡ് കാലത്ത് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ വന്നതും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്ന് ലോകാരോ​ഗ്യസംഘന. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വിഷാദരോ​ഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കാണപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു പിന്നിൽ സ്കൂളുകൾ അടച്ചതും സാമൂഹിക ഇടപെടലുകൾ കുറഞ്ഞതുമാകാം കാരണമെന്നാണ് വിലയിരുത്തുന്നത്.

മാനസിക ശാരീരിക വികാസത്തിന് സഹായിക്കുന്ന ശീലങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ഈ കാലത്ത് തടസ്സം നേരിടുകയുണ്ടായി. ഈ തടസ്സവും ഒറ്റപ്പെടലും ആശങ്കയും ഉത്കണ്ഠയും അനിശ്ചിതാവസ്ഥയും ഒറ്റപ്പെടലുമൊക്കെ ഇക്കൂട്ടരിൽ നിറച്ചുവെന്നും ഇതുമൂലം സ്വഭാവരീതികളിൽ ഉൾപ്പെടെ മാറ്റം വന്നുവെന്നും പറയുന്നുണ്ട്.

ചില കുട്ടികളിലും കൗമാരക്കാരിലും വീട്ടിൽ തന്നെ തുടർന്നത് കൂടുതൽ മാനസിക സംഘർഷത്തിന് വഴിവച്ചിട്ടുണ്ട്. കുടുംബാന്തരീക്ഷത്തിൽ നിന്നുയരുന്ന സമ്മർദങ്ങളും പ്രശ്നങ്ങളുമെല്ലാം അതിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്.

ഭീഷണികളും ലൈം​ഗിക അതിക്രമവുമാണ് കുട്ടികളിൽ വിഷാദരോ​ഗം വർധിച്ചതിന് പ്രധാന കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോ​ഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇതിനായുള്ള പദ്ധതികൾക്ക് ആക്കം കൂട്ടാനും ആഹ്വാനം ചെയ്യുന്നുണ്ട്.

Share this story