ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ...

google news
cancer

അനിയന്ത്രിതമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് ക്യാന്‍സര്‍. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

ബെറി പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും.

രണ്ട്...

ബ്രൊക്കോളി, കോളിഫ്ലവർ, കാബേജ്  തുടങ്ങിയ ക്രൂസിഫസ് പച്ചക്കറികളിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി- ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഫലങ്ങൾ ഉണ്ട്. ഇവയ്ക്ക് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാനും ട്യൂമർ രൂപീകരണം തടയാനും  കഴിയും. അതിനാല്‍ വെളുത്തുള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

നാല്...

ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.

അഞ്ച്...

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയുകയും ട്യൂമർ രൂപീകരണം തടയുകയും ചെയ്യും.

ആറ്...  

ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  സിട്രസ് പഴങ്ങളിലെ വിറ്റാമിൻ സി, ഫോളേറ്റ്, കാത്സ്യം എന്നിവ സ്തനാർബുദ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഏഴ്...

തക്കാളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളിയിലെ ലൈക്കോപ്പീൻ സഹായിക്കും.

Tags