പൾമണറി എംബോളിസം: അത്യപൂർവ ഹൃദയചികിത്സയിലൂടെ രോഗിയെ മരണമുഖത്ത് നിന്ന് കൈപിടിച്ചുയർത്തി കോഴിക്കോട് ആസ്റ്റർ മിംസ്

Pulmonary Embolism: Kozhikode Aster Mims Raises Patient From Death With Emergency Cardiac Surgery

കോഴിക്കോട്:  ശ്വാസതടസത്തെ തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിച്ച അറുപതു വയസ്സുകാരിയായ ഓർക്കാട്ടേരി സ്വദേശിനിയിൽ കണ്ടെത്തിയത് ഏറെ അപകടകരവും അതീവഗുരുതരവുമായ പൾമണറി എംബോളിസം. ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നത് ഒരു രക്തക്കട്ടയാണെന്ന് ഡോക്ടർമാർ അതിവേഗം തിരിച്ചറിഞ്ഞത് കൊണ്ടുമാത്രം രോഗി മരണത്തിന്റെ മുനമ്പിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നു.

പതിവ് പോലെ രാവിലേ നടക്കാനിറങ്ങിയ പ്രേമിനി ശ്വാസതടസ്സത്തെയും നെഞ്ചുവേദനയെയും തുടർന്നു അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ കാര്യമായ ലക്ഷണങ്ങൾ പിന്നീട് പ്രകടമാക്കാത്തതിനാൽ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പിന്നീട് മൂന്ന് ദിവസങ്ങൾക്ക്‌ ശേഷം വീണ്ടും നടക്കാനിറങ്ങിയപ്പോൾ ഇതേ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിക്കുകയായിരുന്നു

പരിശോധനയിൽ രോഗിക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. എക്കോ പരിശോധനയിൽ ഹൃദയത്തിൻറെ വലതുഭാഗത്ത് തകരാർ കണ്ടെത്തുകയും ചെയ്തു. തുടർന്ന്, രോഗിയെ വളരെ പെട്ടെന്ന് ആഞ്ചിയോഗ്രാമിന് വിധേയയാക്കി. നൂതന രീതിയായ ഇന്റർവെൻഷനൽ തെറാപ്പിയിലൂടെ ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്ന രക്തക്കട്ടകളെ ത്രോമ്പസ് ആസ്പിറേഷൻ വഴി വലിച്ചെടുത്തു നീക്കുകയായിരുന്നു. അതോടെ വളരെ വേഗം രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലായി. ഇന്ത്യയിൽ ഇന്നും പ്രചാരത്തിലായിട്ടില്ലാത്തതും, നിലവിൽ വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ നൂതന ചികിത്സാരീതി പഠിച്ചു കേരളത്തിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് കോഴിക്കോട് ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ.

ശരീരത്തിലെ രക്തക്കുഴലുകൾ ഒന്നിൽ (മിക്കവാറും കാലുകളിൽ) രൂപപ്പെടുന്ന രക്തക്കട്ടകൾ രക്തധമനികളിലൂടെ സഞ്ചരിക്കുകയും ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം നൽകുന്ന ധമനികളെ പെട്ടെന്ന് തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് പൾമണറി എംബോളിസം. ഈ അവസ്ഥയുണ്ടായാൽ 15 മുതൽ 20 ശതമാനം രോഗികളും ശ്വാസം കിട്ടാതെ ഉടൻ മരണത്തിന് കീഴടങ്ങും. എത്രയും വേഗം ചികിത്സിച്ചില്ലെങ്കിൽ ഭേദമാക്കാൻ കഴിയാത്ത തരത്തിൽ ശ്വാസകോശത്തിന് ഗുരുതരമായ പരിക്കുകൾ ഉണ്ടാവുകയും ആരോഗ്യസ്ഥിതി വളരെ പെട്ടെന്ന് മോശമാവുകയും ചെയ്യും.

ഇവിടെ, കൃത്യമായ രോഗനിർണയവും തക്കസമയത്ത് ചികിത്സയും ലഭ്യമായതിനാൽ രോഗി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് കോഴിക്കോട് ആസ്റ്റർ മിംസിലെ ഇന്റർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോക്ടർ സന്ദീപ് മോഹനൻ പറഞ്ഞു.  പൾമണറി എംബോളിസവുമായി ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളുടെയും ആത്മവിശ്വാസം ഏറെ വർധിപ്പിക്കുന്നതാണ് ആസ്റ്റർ മിംസ് കൈവരിച്ച ഈ മുന്നേറ്റമെന്നും  വരുംനാളുകളിൽ സംസ്ഥാനത്തെ ആരോഗ്യചികിത്സാ രംഗത്താകെ വലിയ മാറ്റങ്ങൾക്ക് പ്രേരണയാകാൻ  സാധ്യതയുള്ള നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags