പൊറോട്ടയോടും ഇറച്ചിയോടും പ്രിയം കൂടുതലാണോ ? എന്നാൽ പതിവാക്കണ്ട, പണി കിട്ടും !

porotta
porotta

വയറിന്‍റെ ആരോഗ്യം മോശമാകുന്നത് വ്യക്തികളെ വലിയ രീതിയിലാണ് ആകെയും ബാധിക്കാറ്. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ തുടങ്ങിയ പല പ്രശ്നങ്ങളും വയറിന്‍റെ ആരോഗ്യം അവതാളത്തിലായാല്‍ പതിവാകും.

ചില ഭക്ഷണശീലങ്ങളും ഇത്തരം പ്രശ്നങ്ങള്‍ പതിവാക്കാം. ഇത് മനസിലാക്കി പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കണം. അതുപോലെ തന്നെ വയറിന് ഗുണകരമായി വരുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന, പതിവായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ചീര, മുരിങ്ങ അല്ലെങ്കില്‍ ലെറ്റൂസ് എല്ലാം പോലത്തെ ഇലക്കറികളാണ് ഈ പട്ടികയില്‍ വരുന്നൊരു ഭക്ഷണം. ഇവയെല്ലാം തന്നെ ഫൈബറിന്‍റെ നല്ല ഉറവിടങ്ങളാണ്. ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഘടകമാണ്. ദഹനം കൃത്യമായി നടക്കുന്നതിലൂടെ വയറിന്‍റെ ആരോഗ്യവും മെച്ചപ്പെടുന്നു.

രണ്ട്...

അപ്പം, പുട്ട്, ചപ്പാത്തി പോലുള്ള പലഹാരങ്ങളെല്ലാം ഉണ്ടാക്കാൻ ഇന്ന് മിക്ക വീടുകളിലും റെഡി-മെയ്‍ഡ് പൊടികള്‍ വാങ്ങിക്കുകയാണ് പതിവ്. എന്നാലിത്തരത്തില്‍ പാക്ക് ചെയ്ത് വരുന്ന പൊടികളെക്കാള്‍ ധാന്യങ്ങള്‍ അങ്ങനെ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതാണ്. അല്ലെങ്കില്‍ ധാന്യങ്ങള്‍ വീട്ടില്‍ തന്നെ ഉണക്കി പൊടിച്ചെടുക്കുന്നതുമാകാം.

മൈദ കഴിവതും ഒഴിവാക്കുന്നതും നല്ലതാണ്. കാരണം മൈദ വളരെയധികം പ്രോസസ് ചെയ്ത് വരുന്ന പൊടിയാണ്. ഇത് ഗുണങ്ങള്‍ നല്‍കില്ലെന്ന് മാത്രമല്ല- ദഹനത്തിന് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ പതിവായി മൈദ കഴിച്ചാല്‍ അത് വയറിനെ ദോഷകരമായി ബാധിക്കാം. അതുകൊണ്ടാണ് പൊറോട്ട പതിവായി കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

മൂന്ന്...

ലീൻ പ്രോട്ടീൻ അഥവാ കലോറി കുറഞ്ഞ, ഹെല്‍ത്തിയായ പ്രോട്ടീൻ കഴിക്കുന്നതും നല്ലതാണ്. സാധാരണഗതിയില്‍ ഇറച്ചിയാണ് പ്രോട്ടീന് വേണ്ടി ഏവരും ആശ്രയിക്കുന്നൊരു ഭക്ഷണം. എന്നാല്‍ ഇറച്ചി കഴിക്കുന്നത് കൂടുതലായാല്‍ അത് ആരോഗ്യത്തിന് ഭീഷണിയായി വരാം. പല തരത്തിലുള്ള ഭീഷണികളാണ് ഇറച്ചി ആരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുന്നത്. കൊളസ്ട്രോള്‍ - അമിതവണ്ണം, ചില രോഗങ്ങളുടെ ഗൗരവം കൂട്ടുന്നത് അടക്കം പല രീതിയിലാണിവ പ്രവര്‍ത്തിക്കുക. പ്രത്യേകിച്ച് റെഡ് മീറ്റ് ( ബീഫ്, മട്ടണ്‍, പോര്‍ക്ക് തുടങ്ങിയവ).

ഈ പ്രശ്നമൊഴിവാക്കാൻ ബീൻസ്, പയര്‍-പരിപ്പുവര്‍ഗങ്ങള്‍, ടോഫു പോലുള്ള വിഭവങ്ങളെ പ്രോട്ടീന് വേണ്ടി ആശ്രയിക്കാം.

നാല്...

ഡയറ്റില്‍ നല്ലതുപോലെ പഴങ്ങള്‍ (ഫ്രൂട്ട്സ്) ഉള്‍പ്പെടുത്തുക. മധുരം കാര്യമായ അളവില്‍ അടങ്ങിയ പഴങ്ങള്‍ക്ക് പകരം മധുരം അല്‍പം കുറഞ്ഞ പഴങ്ങളാണ് നല്ലത്.  ആപ്പിള്‍, മാമ്പഴം എന്നിവയെല്ലാം മധുരം കൂടുതലുള്ള പഴങ്ങളാണ്. മറിച്ച് സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന ഓറഞ്ച്, മുന്തിരി, ബെറികള്‍ എല്ലാം കഴിക്കാം. ഇവയും ദഹനം എളുപ്പത്തിലാക്കുന്നു.

അഞ്ച്...

കട്ടിത്തൈര് കഴിക്കുന്നതും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നു. ഇതും പതിവായി തന്നെ കഴിക്കാവുന്നതാണ്. കട്ടിത്തൈരില്‍ അടങ്ങിയിട്ടുള്ള 'ലാക്ടിക് ആസിഡ് ബാക്ടീരിയ' ആണ് വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നത്.

Tags