നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറുണ്ടല്ലോ. എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. തീർച്ചയായും, കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നിത് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നത് പലർക്കും അറിയില്ല.
നട്സുകളും മറ്റ് പയർ വർഗങ്ങളും കുതിർത്ത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ നമാമി അഗർവാൾ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
പ്രോട്ടീൻ, നാരുകൾ, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ് നട്സുകൾ. ഭക്ഷണങ്ങൾ കുതിർത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാൻ സഹായിക്കുമെന്നും നമാമി പറയുന്നു. മാത്രമല്ല ഭക്ഷണം കുതിർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതൽ പോഷണം നൽകുന്നതിനും സഹായിക്കുന്നു.
പയറുവർഗ്ഗങ്ങൾ കുതിർത്ത് തൊലി കളഞ്ഞ ശേഷമോ, വറുത്തതിന് ശേഷമോ വേവിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അവർ പറയുന്നു. കുതിർത്ത് കഴിക്കുന്നത് പോളിഫെനോളിന്റെയും അളവ് കുറയ്ക്കുകയും ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അവർ പറയുന്നു. നട്സുകളും പയറ് വർഗങ്ങളും എട്ട് മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കണമെന്നും നമാമി പറഞ്ഞു.