രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതാ...

night eat food
night eat food

പകല്‍ ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നാല്‍ പിന്നെ എന്തെങ്കിലും  കഴിച്ച് കിടന്നുറങ്ങുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ എന്നും സാധിക്കുന്നവര്‍ എത്ര പേരുണ്ടാകും? ഇവിടെ പലപ്പോഴും വില്ലനാകുന്നത് രാത്രി കഴിക്കുന്ന ആഹാരമാണ്. ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്‌താല്‍ ഉറക്കക്കുറവ് പരിഹരിക്കാം.

രാത്രി ഭക്ഷണത്തിന്‌ ശേഷം തേന്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. തേനിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് തലച്ചോറിലേയ്ക്ക് ട്രൈറ്റോഫാന്‍, സെറോറ്റോണിന്‍ എന്നിവ എത്തിച്ചേരുന്നതിന് കാരണമാകും. ഇത് ശരീരത്തെ ശാന്തമാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ പുറത്തുവിടും. തേന്‍ തനിച്ചോ അല്ലെങ്കില്‍ ഒരു സ്പൂണ്‍ തേന്‍ ചൂടു പാലിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. 

ഓട്സിൽ ഫൈബര്‍, വിറ്റാമിന്‍ ബി എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌ എന്നിവയും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഓട്സ്  ഉറക്കം ലഭിക്കാന്‍ വളരെ നല്ലതാണ്.

മലയാളികളുടെ പ്രിയ ഭക്ഷണമായ ചോറ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വയറുനിറച്ച് ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കും. പക്ഷേ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വെള്ള അരിയേക്കാള്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയ ചുവന്ന അരി ഭക്ഷിക്കുന്നതാണ് മെറ്റബോളിസത്തിന് ഉത്തമം. 

കിവി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാതുക്കളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ പഴങ്ങളിലൊന്നാണ് കിവി പഴം. വിറ്റാമിന്‍ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും കിവിയില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അളവുകളുള്ള ഒരു പഴം കൂടിയാണ് കിവി. നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്ന അതേ ആന്‍റി ഓക്‌സിഡന്‍റിന്‍റെ കഴിവ്  ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. 

മത്തന്‍ വിത്ത് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.

ബദാം ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, പേശികളെ ശാന്തമാക്കാനും മഗ്നീഷ്യം സഹായിക്കുന്നുണ്ട്.

 രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നേന്ത്രപ്പഴം സഹായിക്കും. 

 ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.

Tags