നടുവേദന നിങ്ങളെ വളരെ അസ്വസ്ഥരാക്കുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ വേദന കുറയ്ക്കാം
നമുക്ക് ചുറ്റും നടുവേദനക്കാരുടെ എണ്ണം ഏറിവരുകയാണ്. നടുവേദന കാരണം ഇരിക്കാനും നടക്കാനും കിടക്കാനും ഒന്നും കഴിയാത്തവര്‍ ധാരളാമാണ്. ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയുമൊക്കെ പ്രത്യേകത കളാകാം പലപ്പോഴും ഇതിനു കാരണം.
ഇരുന്നുള്ള ജോലികള്‍ ഏറി വന്നതോടെ നടുവേദനക്കാരുടെ എണ്ണവും ഏറുകയാണ്. പ്രത്യേകിച്ച് ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന യുവതീയുവാക്കള്‍ക്കിടയില്‍ ഇത് സാധാരണമായിരിക്കുന്നു. അനങ്ങാതിരുന്ന് ശീലിച്ച് പിന്നീട് പെട്ടെന്ന് അല്പം കടുപ്പത്തിലുള്ള ജോലികള്‍ ചെയ്യുമ്പോഴും ഭാരം ഉയര്‍ത്തുമ്പോഴും മറ്റുമാണ് പെട്ടെന്ന് നടുവിന് വിലക്കം വരുന്നത്.
വെള്ളം കൂടുതല്‍ കുടിച്ചാല്‍ നടുവിന് വേദന ഒരു പരിധി വരെ കുറയ്ക്കാം. നമ്മുടെ നട്ടെല്ലിന്റെ 35 കശേരുക്കള്‍ക്കിടയിലും ഡിസ്‌ക് എന്ന തരുണാസ്ഥികള്‍ ഉണ്ട്. ഇവ ഡിഫ്യൂഷന്‍ എന്ന പ്രക്രിയ വഴിയാണ് ജലാംശം നിലനിര്‍ത്തുന്നത്.
പ്രായം ചെല്ലുന്തോറും തരുണാസ്ഥികളിലെ ജലാംശം കുറഞ്ഞു കൊണ്ടിരിക്കും. ഇതോടൊപ്പം വെള്ളം കുടിക്കുന്ന അളവും കുറയുന്നതോടെ പ്രശ്‌നം വഷളാകും. ശരീരത്തിലെ ജലാംശം അധികം കളയുന്ന ചായ, കാപ്പി എന്നിവ കൂടെക്കൂടെ കുടിക്കുന്നത് ഒഴിവാക്കുന്നതും വളരെ നല്ലതാണ്.
കൂടുതല്‍ സമയം ഒരേഇരിപ്പ് ഇരിക്കുന്നതാണ് നടുവിനോടു ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ്. നമ്മള്‍ നില്‍ക്കുമ്പോള്‍ നട്ടെല്ലിന് ചുറ്റുമുള്ള മാംസ പേശികള്‍ വലിഞ്ഞിട്ട് ഭാരം തുല്യമായി വീതിക്കപ്പെടുന്നു. എന്നാല്‍ ഇരിക്കുമ്പോള്‍ പേശികള്‍ അയഞ്ഞ് ഭാരം നട്ടെല്ലിലേക്ക് കേന്ദ്രീകരിക്കും. നട്ടെല്ലിന്റെ സമ്മര്‍ദ്ദം ഏറി വേദനയാകും. തുടര്‍ച്ചയായി ഇരിക്കാതെ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും അല്പം നടക്കുക.
കസേരയില്‍ ഇരിക്കുമ്പോഴും ശ്രദ്ധിക്കണം. വളഞ്ഞും തിരിഞ്ഞും ഇറങ്ങിയും ഉള്ള ഇരുപ്പ് നടു വേദനയെ ക്ഷണിച്ചു വരുത്തും. കസേരയുടെ കുഴിയിലേക്ക് പരമാവധി കയറി, നട്ടെല്ല് നിവര്‍ന്ന് ഇരിക്കുന്നതാണ് ശരിയായ ഇരുപ്പ്. ഇങ്ങനെ വരുമ്പോള്‍ ശരീരഭാരം തുല്യമായി വീതിക്കപ്പെടും, ഒരു കശേരുവും അധികമായി സമ്മര്‍ദ്ദത്തിലാകില്ല. കുടുതല്‍ ഹീലുള്ള ചെരുപ്പും ഷൂസും ധരിക്കുന്നതും നടുവിന് നല്ലതല്ല. പാദങ്ങളിലെ എല്ലുകള്‍ക്കും ഇത് ദോഷകരമാണ്.
മിതമായ രീതിയിലുള്ള വ്യായാമങ്ങളാണ് നട്ടെല്ലിന് നല്ലത്. അല്ലാത്തപക്ഷം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. യോഗയിലെ നല്ല ശതമാനം ആസനങ്ങളും നട്ടെല്ലിന്റെ വഴക്കത്തിനും ഉദ്ദേശിച്ചുള്ളതാണ്. ചില പ്രത്യേക ആസനങ്ങള്‍ തന്നെ ഇതിനായുണ്ട്. അത് ക്രമമായി ചെയ്യുന്നതും നട്ടെല്ലിന് നല്ലതാണ്.
കൊഴുപ്പുള്ള ആഹാരത്തിന് പകരം നാരും പ്രോട്ടീനുമുള്ള ഭക്ഷണം കഴിക്കുക, കാല്‍സ്യ സമ്പുഷ്ടത ഭക്ഷണത്തില്‍ ഉറപ്പ് വരുത്തുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ജ്യൂസുകളും മറ്റും കൂടുതല്‍ കഴിക്കാനും ശ്രദ്ധിക്കണം.