പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിച്ചാൽ
കറികള്‍ക്ക് നിറവും രുചിയും പകരുന്നതോടൊപ്പം മഞ്ഞള്‍ ആരോഗ്യത്തിനും ഗുണം ചെയ്യും. മഞ്ഞളില്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വിപണിയില്‍ ലഭ്യമാകുന്ന മഞ്ഞള്‍പ്പൊടിയില്‍ സര്‍വ്വത്ര മായമാണ്. അതുകൊണ്ടുതന്നെ മഞ്ഞള്‍പ്പൊടി വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകമാണ്, ഇത് ഏതെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നു. മഞ്ഞള്‍ ശരീരത്തിന്റെ ആന്റിഓക്സിഡന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞള്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ ശരീരം ഉള്ളിലെ വിഷാംശം പുറന്തള്ളും. ആമാശയത്തിലെ ഗ്യാസ് രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നാം വ്യാപകമായി ഉപയോഗപ്പെടുത്തിയതും മഞ്ഞളിനെയാണ്. പാലിലോ, ചായയിലോ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ബാക്ടീരിയല്‍ അണുബാധ ചെറുക്കാനും തൊണ്ട വേദനയ്ക്ക് ആശ്വാസം പകരാനുമെല്ലാം മഞ്ഞള്‍ ചേര്‍ത്ത പാല്‍ സഹായിക്കും. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് പനി വരാതെ കാക്കാന്‍ ശുദ്ധമായ മഞ്ഞള്‍ പൊടിയാക്കി കഴിക്കുന്നത് ഉപകരിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിത്യവുമുള്ള മഞ്ഞളിന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ സഹായപ്രദമാണ്. കരളിന്റെ ആരോഗ്യത്തിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള മഞ്ഞള്‍ സഹായിക്കും.
ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ പ്രതിവിധിയായി ഉപയോഗിക്കാം. ചര്‍മ്മത്തില്‍ വേദനയും ചൊറിച്ചിലുമുണ്ടെങ്കില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി നാരങ്ങ നീരും കുറച്ച് വെള്ളവുമായി ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കി പുരട്ടാവുന്നതാണ്. മുഖക്കുരുവിന്റെയും മറ്റ് പാടുകള്‍ മാറാനും ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും മഞ്ഞള്‍ സഹായിക്കും.