ശരീരഭാരം കുറച്ച് ഫിറ്റ്‌നസ് നിലനിർത്താൻ കഴിക്കാം ഇവ

lose weight

തടി കൂടുന്നതില്‍ നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വ്യായാമത്തിനൊപ്പം ശരിയായ ഭക്ഷണരീതിയും അത്യാവശ്യമാണ്.

കൊഴുപ്പ്, കാര്‍ബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പകരം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. ആരോഗ്യകരമായ ഭക്ഷണരീതിയാണ് നിങ്ങളുടെ ഫിറ്റ്‌നസിനെ വീണ്ടെടുത്ത് രോഗങ്ങളില്‍ നിന്നും മുക്തി തരുന്നത്.

കൃത്യമായി വ്യായാമം ചെയ്തിട്ടും പലർക്കും ശരിയായ ഫലം കിട്ടാതെ വരുന്നത് തെറ്റായ ഡയറ്റ് പിന്തുടരുന്നതുകൂടി കൊണ്ടാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡയറ്റില്‍ നിര്‍ബദ്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞുവെക്കാം.

പ്രോട്ടീനും ഫൈബറും ധാരാളമായുള്ള പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറന്നുപോകരുത്. ഇവ വിശപ്പിനെ നിയന്ത്രിയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. വിറ്റാമിന്‍ എ, ബി 2, സി, ഡി, ഇ എന്നിവ മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല രോഗപ്രതിരോധശേഷിയെ കൂട്ടാനും ഇവയ്ക്ക് സാധിയ്ക്കും.


മുട്ട കഴിയ്ക്കാന്‍ മടിയുള്ള ചിലരെങ്കിലും കാണും. എന്നാല്‍ പ്രോട്ടീന്റെ കലവറയാണ് മുട്ട. അതിനൊപ്പം വിറ്റാമിന്‍ ബി2, ബി12, ഡി, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് തുടങ്ങിയവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കും. കൂടാതെ വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കാനും ഇത് സഹായിക്കും.


ആപ്പിള്‍ കഴിയ്ക്കുന്നത് അമിത വിശപ്പിനെ അകറ്റാന്‍ സഹായിക്കും. ഫൈബര്‍ ധാരാളമായി ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മളെ പിന്തിരിപ്പിക്കുകയും ചെയ്യും.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ശരീരഭാരത്തെ നിയന്ത്രിക്കുവാന്‍ വലിയ രീതിയില്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

ചീരയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ടൊരു ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇതിലുണ്ട്. കലോറി കുറഞ്ഞ ഭക്ഷണമായതിനാല്‍ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാന്നതിനെ നിയന്ത്രിക്കുകയും ഇവ ചെയ്യും.

Tags