മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍

google news
constipation

മലബന്ധം പലരുടെയും ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടാകാം.  മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകും. ചില രോഗങ്ങളുടെ ലക്ഷണമായി മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. ചിലരില്‍ മാനസിക സമ്മര്‍ദ്ദം മൂലവും മലബന്ധം ഉണ്ടാകാം. നിങ്ങളില്‍ മലബന്ധം ഉണ്ടാകാനുള്ള കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.

മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വെള്ളം ധാരാളം കുടിക്കുക. കാരണം ചിലരില്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം നിർജ്ജലീകരണം ഉണ്ടാകാം. ഇതാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. പ്രത്യേകിച്ച് ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കാനും ശ്രമിക്കുക.  

രണ്ട്...

പതിവ് ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, മലബന്ധം തടയുന്നതിനും മികച്ചതാണ്. കാരണം ശരീരം ഒട്ടും അനങ്ങാതിരിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും കാരണമായേക്കാം. അതിനാല്‍  20 മിനിറ്റ് ദിവസേന നടക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിച്ചേക്കാം.

മൂന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷ്യ നാരുകള്‍ അടങ്ങിയവ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി പഴങ്ങളും പച്ചക്കറികളും മുഴു ധാന്യങ്ങളും പയർവർഗങ്ങളും ബീൻസും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ഭക്ഷണ നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

Tags