ഹൈപോകാത്സീമിയ; അറിയാം ഈ ലക്ഷണങ്ങൾ...

hypokalemia
hypokalemia

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒരു പ്രധാന ധാതുവാണ് കാത്സ്യം.  ശരീരത്തില്‍ കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപോകാത്സീമിയ.  ഹൈപോകാത്സീമിയ ഉണ്ടാകാന്‍ പല കാരണങ്ങള്‍ ഉണ്ട്.  വിറ്റാമിന്‍‌ ഡിയുടെ കുറവ് മൂലം ഹൈപോകാത്സീമിയ ഉണ്ടാകാം. കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍‌ ഡിയാണ്. അതുപോലെ പാരാതൈറോയ്ഡ് ഗ്രന്ഥികൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം മോശമായാലും ശരീരത്തില്‍ കാത്സ്യം കുറയാനുള്ള സാധ്യതയുണ്ട്. ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഹൈപോകാത്സീമിയ ഉണ്ടാകാം.

ഹൈപോകാത്സീമിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

പേശിവലിവ്, പേശി വേദന, വിറയൽ തുടങ്ങിയവ ഹൈപോകാത്സീമിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

രണ്ട്...

കൈ- കാലുകളിലെ മരവിപ്പാണ് മറ്റൊരു ലക്ഷണം. കാത്സ്യത്തിന്‍റെ കുറവ് വിരലുകൾ, കാൽവിരലുകൾ എന്നിവയിൽ മരവിപ്പിന് കാരണമാകും.

മൂന്ന്...

അമിതമായ ക്ഷീണവും കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകാം.

നാല്...

കാത്സ്യത്തിന്‍റെ കുറവ് കാലക്രമേണ ഓസ്റ്റിയോപൊറോസിസിലേയ്ക്ക് നയിക്കുന്നു.

അഞ്ച്...

കാത്സ്യത്തിന്‍റെ കുറവ് മൂലം വിഷാദം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

ആറ്...

പല്ലിന്‍റെ ആരോഗ്യം മോശമാകുന്നതും നഖങ്ങളുടെ ആരോഗ്യം മോശമാകുന്നതും കാത്സ്യത്തിന്‍റെ കുറവ് മൂലമാകാം.

ഏഴ്...

കാത്സ്യം കുറവുള്ളവരിലും ഓർമ സംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണ്.

എട്ട്...

ചര്‍മ്മം വരണ്ടുപോവുക, വരണ്ട തലമുടി തുടങ്ങിയവയും ലക്ഷണങ്ങളാണ്.

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍...

പാല്‍, ചീസ്, യോഗർട്ട്, ബീന്‍സ്, നട്സ്, മത്സ്യം, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Tags