എച്ച്.ഐ.വി. ബാധിച്ചോയെന്നത് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും

hiv

ന്യൂഡൽഹി : എച്ച്.ഐ.വി. ബാധിച്ചോയെന്നത് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക

സ്വയംപരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷനുമായി സഹകരിച്ച് ഒരു ദേശീയ പഠനം സംഘടിപ്പിച്ചിരുന്നു. ഉയർന്ന നിരക്കിൽ എച്ച്.ഐ.വി ബാധിതരുള്ള പതിനാല് സംസ്ഥാനങ്ങളിലെ അമ്പതു ജില്ലകളിലായാണ് പഠനം സംഘടിപ്പിച്ചത്. 93,500 ഓളം പേർ പഠനത്തിൽ പങ്കാളികളായി. പഠനത്തിൽ പങ്കെടുത്ത 95 ശതമാനത്തോളം പേർക്ക് സ്വയംപരിശോധനാ കിറ്റ് എളുപ്പത്തിൽ ഉപയോ​ഗിക്കുകയും ഫലം കണ്ടെത്തുകയും ചെയ്യാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

​ഇത്തരം കിറ്റുകൾ‌ ഫാർമസികളിൽ എളുപ്പത്തിൽ ലഭ്യമാവുകയും ​ഗർഭധാരണ പരിശോധന പോലെ സാധാരണമാവുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ ചെയ്യാൻ വിമുഖത ഉള്ളവർക്ക് ഇത്തരം കിറ്റുകളിലൂടെ രോ​ഗം തിരിച്ചറിയൽ എളുപ്പമാകുമെന്ന് പഠനം നടത്തിയ പാത്ത് എന്ന എൻ.ജി.ഒയുടെ വക്താവായ ഡോ.ആശാ ഹെ​ഗ്ഡെ പറയുന്നു.

2021ലാണ് പഠനം ആരംഭിച്ചത്. പഠനത്തിൽ പങ്കെടുത്തവരിൽ 68 ശതമാനത്തോളം പുരുഷന്മാരും 27 ശതമാനത്തോളം സ്ത്രീകളും 5 ശതമാനത്തോളം ട്രാൻസ്ജെൻഡേഴ്സുമായിരുന്നു. ഡിസംബറോടെ പ്രസ്തുത കിറ്റ് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷൻ വ്യക്തമാക്കി.

ലോകാരോ​ഗ്യസംഘടനയുടെ അം​ഗീകാരം നേരത്തേ ലഭിച്ച നാല് കിറ്റുകളും തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് കിറ്റുകളും വിപണിയിലെത്താനുള്ള പണിപ്പുരയിലാണ്. ഇവയെല്ലാം ​ഡ്ര​ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അം​ഗീകാരത്തിനായുള്ള ഘട്ടങ്ങളിലുമാണ്. നിലവിൽ എച്ച്.ഐ.വി. പരിശോധന നടത്തുന്നത് ലബോറട്ടറി അടിസ്ഥാനമാക്കിയാണ്.

Share this story