ഉയർന്ന രക്തസമ്മർദ്ദം വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുമോ?

google news
kidney

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. അതുകൂടാതെ രക്തസമ്മർദ്ദം ഉയരുന്നത് വൃക്കകളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് കൺസൾട്ടന്‍ നെഫ്രോളജിസ്റ്റും കിഡ്‌നി ട്രാൻസ്‌പ്ലാന്‍റ് ഫിസിഷ്യനുമായ ഡോ. പുനീത് ഭുവാനിയ പറയുന്നത്.

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. വൃക്കകളും രക്തചംക്രമണവ്യൂഹവും പരസ്പരം ആശ്രയിച്ചിരിക്കുന്നു. ധാരാളം രക്തക്കുഴലുകൾ ഉപയോഗിച്ച് രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യാൻ വൃക്കകൾ സഹായിക്കുന്നു. കാലക്രമേണ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കിഡ്നി തകരാറിലേയ്ക്ക് നയിക്കാമെന്നും ഡോ. പുനീത് ഭുവാനിയ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം മൂലം വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനും കാരണമാകുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.  ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

രണ്ട്...

ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കുക.

മൂന്ന്...

വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

നാല്...

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കാം. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക.

Tags