ഹെപ്പറ്റെറ്റിസ് എ ; ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ്

Hepatitis


കൊല്ലം :  ജലജന്യരോഗമായ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കൊല്ലം  ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് . മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റെറ്റിസ് എ പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം

പാനീയ ചികിത്സ പ്രധാനം


വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍  നിര്‍ജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്കരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ത്തന്നെ പാനീയ ചികിത്സ ആരംഭിക്കണം. ഇതിനായി ഒ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, മോരിന്‍വെള്ളം തുടങ്ങിയവ നല്‍കണം .

 പ്രതിരോധമാര്‍ഗങ്ങള്‍

ആഹാര ശുചിത്വം , കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.  തിളച്ചവെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തു കുടിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും ഒഴിവാക്കുക. 

പുറത്തു പോകുമ്പോള്‍ കയ്യില്‍ കുടിവെള്ളം കരുതുക.ആഹാരസാധനങ്ങള്‍ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.ഈച്ച കടക്കാതെ ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക.പഴങ്ങളും പച്ചക്കറികളും  കഴുകിയതിനു ശേഷം ഉപയോഗിക്കുക.ആഹാരത്തിന് മുന്‍പും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.കിണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ  ക്ലോറിനേറ്റ് ചെയ്യുക.വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ഈച്ച ശല്യം ഒഴിവാക്കുക.

Tags