നാലില്‍ ഒരു സ്ത്രീക്ക് ബാധിക്കുന്ന ആരോഗ്യ പ്രശ്നം; അറിയാം ഈ ലക്ഷണങ്ങള്‍...

pain during periods


ഗര്‍ഭപാത്രത്തെ ബാധിക്കുന്ന അഡിനോമയോസിസ് എന്ന ആരോഗ്യ പ്രശ്നം നാല്  സ്ത്രീകളിൽ ഒരാളെ ബാധിക്കുന്നതായി പഠനം. ഗർഭാശയത്തെ ആവരണം ചെയ്യുന്ന എൻഡോമെട്രിയം എന്ന കോശങ്ങൾക്ക് അസാധാരണ വളർച്ചയുണ്ടാകുന്ന അവസ്ഥയാണ് അഡിനോമയോസിസ്. അതായത് ഗര്‍ഭപാത്രത്തിന്‍റെ പുറംചട്ടയിലെ എൻഡോമെട്രിയൽ ടിഷ്യു ഗർഭാശയത്തിന്‍റെ പേശി ഭിത്തിയിലേയ്ക്ക് വളരുന്നതാണ് ഈ രോഗാവസ്ഥ.

ഇത് ഗര്‍ഭപാത്രത്തെ വലുതാക്കുകയും അമിത ആര്‍ത്തവ രക്തസ്രാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. പെൽവിക് വേദനയോടൊപ്പം ക്രമരഹിതവും അമിതവുമായ ആർത്തവ രക്തസ്രാവവും രോഗത്തിന്‍റെ സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അതുപോലെ ഗർഭപാത്രം വലുതാകുന്നത്,  അസാധരണമായ നടുവേദന, വയറ്റിലെ പേശികൾ കോച്ചിപ്പിടിക്കുന്നത്, വയറു വീർക്കുന്ന അവസ്ഥ, ലൈംഗിക വേളയിൽ വേദന, പെൽവിക് വേദന, കാലുകൾ വലിയുന്ന പോലെ അനുഭവപ്പെടുക, മൂത്രസഞ്ചിയിൽ മർദ്ദം അനുഭവപ്പെടുക, ആർത്തവ സമയത്ത് കഠിനമായ മലബന്ധം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.

ആർത്തവത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നതിന് പുറമെ, അഡിനോമിയോസിസ് പ്രത്യുൽപാദനക്ഷമതയെയും ബാധിക്കാം. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് ഗർഭം അലസൽ, പ്രസവസമയത്തിന് മുമ്പുള്ള പ്രസവം, പ്രസവാനന്തര രക്തസ്രാവം എന്നിവ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

Tags