പ്ലം കഴിച്ചാലുള്ള ആരോ​​ഗ്യ​ഗുണങ്ങൾ

plum

മധുരവും പുളിയുമുള്ള പ്ലം പോഷകസമൃദ്ധമാണ്. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പ്ലമ്മിൽ അടങ്ങിയിരിക്കുന്നു. പ്ലമ്മിൽ റൈബോഫ്ലേവിൻ, കാൽസ്യം, പൊട്ടാസ്യം, തയാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. പരിമിതമായ അളവിൽ പ്ലംസ് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് വിദ​ഗ്ധർ പറയുന്നു. 

പ്ലമ്മിൽ ധാരാളം ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. പ്ലം കഴിക്കുന്നത് ശരീരത്തിലെ നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.

ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം ഉയർത്താനും പ്ലം സഹായിക്കുമെന്ന്‌ ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. നിയാസിൻ, വിറ്റാമിൻ ബി6, കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കുന്ന ഫെനോലിക്‌ ആസിഡ്‌ സംയുക്തം തുടങ്ങി നിരവധി ബി കോംപ്ല്‌ക്‌സ്‌ സംയുക്തങ്ങൾ പ്ലമ്മിൽ അടങ്ങിയിട്ടുണ്ട്‌.

വിറ്റാമിൻ സി പ്ലമ്മിൽ ഉയർന്ന അളവിൽ കാണപ്പെടുന്നു. ഈ വിറ്റാമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിൽ വലിയ പങ്ക് വഹിക്കുന്നു, ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

പ്ലമ്മിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ ശരീരത്തിൽ അനാവശ്യമായി രക്തം കട്ട പിടിക്കുന്നത്‌ തടയും. രക്തസംമ്മർദ്ദം ശരിയായ രീതിയിൽ നില നിർത്തി ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കും. ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്ന പൊട്ടാസ്യവും ഇവയിൽ അടങ്ങിയിട്ടുണ്ട്‌.

പ്രമേഹമുള്ളവർ പ്ലം കഴിക്കുന്നത് അവർക്ക് വളരെ ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്ലമ്മിൽ അടങ്ങിയിട്ടുള്ള ആന്തോസിയാനിൻ എന്നറിയപ്പെടുന്ന സംയുക്തം അർബുദത്തെ പ്രതിരോധിക്കും. പ്ലം ശ്വാസ കോശം, വായ തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അർബുദങ്ങിൽ നിന്നും സംരക്ഷിക്കുന്നു.

ഉണങ്ങിയ പ്ലമ്മിൽ ഫൈബർ അടങ്ങിയിട്ടുണ്ട്‌. അതിനാൽ ഇവ ദഹനത്തിന്‌ വളരെ നല്ലതാണ്‌. വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും പ്ലം ​ഗുണം ചെയ്യും. പ്ലമ്മിൽ അടങ്ങിയിട്ടുള്ള ലയിക്കുന്ന ഫൈബർ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. പ്ലം പതിവായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും. 

നാരുകളാൽ സമ്പുഷ്ടമായതിനാൽ പ്ലം ഉപഭോഗം ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതുകൂടാതെ, പ്ലംസിൽ കാണപ്പെടുന്ന വിറ്റാമിൻ സി ചർമ്മത്തെ ഉള്ളിൽ നിന്ന് ആരോഗ്യമുള്ളതാക്കുകയും പ്രായമാകൽ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

Tags