ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാൽ അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം

bone

ചെമ്മീൻ പലരുയേടും ഇഷ്ടവിഭവമായിരിക്കും. സാധാരണ മത്സ്യങ്ങളിൽ നിന്നും അൽപം വ്യത്യസ്തമാണ് ഇത് കാഴ്ചക്കെങ്കിലും മത്സ്യങ്ങൾ നൽകുന്ന എല്ലാ ഗുണങ്ങളും ഇതും നൽകുന്നുണ്ട്.ചെമ്മീന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്. ക്യാൻസർ തടയുക, ഓർമശക്തി വർദ്ധിപ്പിയ്ക്കുക തുടങ്ങിയ ഗുണങ്ങളും ഇതിന് ധാരാളമുണ്ട്.

മറ്റ് ചില കടൽവിഭവങ്ങളേപ്പോലെ ചെമ്മീനും അലർജിയുണ്ടാക്കിയേക്കാം. പുതിയ ഇനം മത്സ്യങ്ങൾ ആദ്യമായി കഴിക്കുമ്പോളോ, കൂടിയ അളവിൽ കഴിക്കുമ്പോളോ അപ്രതീക്ഷിതമായി അലർജി ഉണ്ടാകാനിടയുണ്ട്.

എല്ലാ കൊളസ്ട്രോളുകളും തുല്യമായവയല്ല. എന്നാൽ ചെമ്മീനിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യപ്രദമാണ്. ഇത് ഒമേഗ 6 ഫാറ്റി ആസിഡിൻറെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ആർത്തവ സംബന്ധമായ വേദന ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും. രക്തപ്രവാഹത്തിൽ തടസങ്ങളുണ്ടാക്കുന്ന കൊളസ്ട്രോളിനെ നീക്കം ചെയ്ത് പ്രത്യുത്പാദന അവയവങ്ങളിലേക്ക് രക്തയോട്ടം സുഗമമാക്കാൻ ചെമ്മീൻ കഴിക്കുന്നത് സഹായിക്കും.

അസ്റ്റാക്സാന്തിൻ പോലുള്ള കരോട്ടിനോയ്ഡുകൾ പലതരത്തിലുള്ള ക്യാൻസറിനെയും തടയാൻ സഹായിക്കുന്നതാണ്. ചെമ്മീനിലെ സെലെനിയം എന്ന മൂലകവും പ്രോസ്റ്റേറ്റ്, ശ്വാസകോശ ക്യാൻസറുകളെ തടയാൻ കഴിവുള്ളതാണ്.

ഓക്സിജനും ഹിമോഗ്ലാബിനും തമ്മിൽ ചേർത്ത് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് ഇരുമ്പ്. ഇരുമ്പിൻറെ അളവ് ശരീരത്തിൽ വർദ്ധിച്ചാൽ പേശികളിലെ ഓക്സിജൻറെ അളവ് കൂട്ടുകയും, അതുവഴി കൂടുതൽ കരുത്തും ആരോഗ്യവും ലഭിക്കുകയും ചെയ്യും. തലച്ചോറിലേക്ക് കൂടുതൽ ഓക്സിജനെത്തുന്നത് വഴി ഓർമ്മശക്തിയും, ധാരണാശേഷിയും, ഏകാഗ്രതയും വർദ്ധിക്കും. പഠനങ്ങളനുസരിച്ച് ചെമ്മീനിലെ അസ്റ്റാക്സാന്തിൻ എന്ന ഘടകം ഓർമ്മശക്തി കൂട്ടാനും, തലച്ചോറിലെ കോശങ്ങളുടെ പുനർനിർമ്മാണത്തിനും, തലച്ചോർ സംബന്ധമായ രോഗസാധ്യത കുറയ്ക്കാനും സഹായിക്കും.

പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ചെമ്മീനിലെ ഘടകങ്ങൾ അസ്ഥികൾ ക്ഷയിക്കുന്നത് തടയും. ദഹനസാധ്യമായ പ്രോട്ടീനുകളുടെയും, വിറ്റാമിനുകളുടെയും കുറവ് അസ്ഥികളുടെ ബലത്തെയും, കരുത്തിനെയും ബാധിക്കും. ഇത് അസ്ഥിക്ഷതത്തിന് കാരണമാകും. ചെമ്മീൻ ആഹാരത്തിൽ ഉൾപ്പെടുത്തുക വഴി അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കാം.

പുളിപ്പിച്ച ചെമ്മീൻ പേസ്റ്റിലെ ഫൈബ്രിനോലിറ്റിക് എൻസൈം ധമനികളിലെ തടസം നീക്കുന്നതിനുള്ള ത്രോംബോളിറ്റിക് തെറാപ്പിയിൽ ഉപയോഗിക്കുന്നതാണ്. ഹൃദയസംബന്ധമായ തകരാറുകളിൽ മികച്ച ഫലം തരുന്ന ഒന്നാണ് ഈ പേസ്റ്റ്. ചെമ്മീനിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് രക്തത്തിലെ കൊളസ്ട്രോൾ നീക്കുകയും, അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

തലമുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് ചെമ്മീൻ. മുടികൊഴിച്ചിലിന് പിന്നിലെ ഒരു പ്രധാന കാരണമാണ് സിങ്കിൻറെ അളവ് കുറവ്. സിങ്കിൻറെ കുറവ് ചർമ്മത്തെയും, തലമുടിയെയും ഒരു പോലെ ബാധിക്കുന്നതാണ്. മുടികൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ അതിന് പ്രതിവിധിയായി ചെമ്മീൻ കഴിച്ച് തുടങ്ങുക.

ചെമ്മീനിലെ ഹെപാരിൻ പോലുള്ള സംയുക്തങ്ങൾ നിയോ വാസ്കുലർ എ.എം.ഡി പോലുള്ള പ്രശ്നങ്ങൾക്ക് ശമനം നല്കും. കണ്ണിൻറെ തളർച്ച, പ്രത്യേകിച്ച് കംപ്യൂട്ടർ അധികനേരം ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ ചെമ്മീനിലെ അസ്റ്റാക്സാന്തിൻ എന്ന ഘടകം സഹായിക്കും.

ചെമ്മീനിൽ ഉയർന്ന തോതിൽ അസ്റ്റാക്സാന്തിൻ എന്ന കരോട്ടിനോയ്ഡ് അടങ്ങിയിരിക്കുന്നു. യു.വി.എ രശ്മികളും, സൂര്യപ്രകാശവും മൂലമുള്ള ചർമ്മത്തിൻറെ പ്രായക്കൂടുതൽ തോന്നലിന് മാറ്റം വരുത്താൻ ഇതിന് സാധിക്കും. ചർമ്മത്തിലെ പാടുകളും, ചുളിവുകളും മാറ്റാൻ ആഴ്ചയിൽ ഏതാനും പ്രാവശ്യം ചെമ്മീൻ കോക്ടെയിൽ കഴിക്കുക. ഇതുവഴി ചർമ്മത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കാനാവും.

ചർമ്മത്തിന് പ്രായക്കൂടുതൽ തോന്നിക്കുന്നതിന് പിന്നിലെ പ്രധാന കാരണമാണ് സൂര്യപ്രകാശമേൽക്കുന്നത്. ഏതാനും മിനുട്ടുകൾ നേരിട്ട് സൂര്യപ്രകാശമേൽക്കാനിടയായാൽ അതിലെ യു.വി.എ രശ്മികൾ ചർമ്മത്തിന് തകരാറുണ്ടാക്കും. ചെമ്മീൻ ദിവസവുമോ, അതല്ലെങ്കിൽ ആഴ്ചയിലൊരിക്കലോ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ചർമ്മത്തിൻറെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാകും.

പ്രോട്ടീനുകളും, വിറ്റാമിൻ ഡിയും സമൃദ്ധമായി അടങ്ങിയതാണ് ചെമ്മീൻ. ചെമ്മീൻ കഴിക്കുന്നത് വഴി കാർബോഹൈഡ്രേറ്റ് ശരീരത്തിലെത്തില്ല എന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് യോജിച്ച കടൽ വിഭവമാണിത്.

Tags