ഇളനീർ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ...

google news
ilaneervellam

മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്.  പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​  ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും. 

നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍.  കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും  ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനം പഞ്ചസാരയുണ്ട്. ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്. ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്.

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.

ദഹനസഹായിയായും ഇത്​ പ്രവർത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും. അതിരാവിലെ വെറും വയറ്റില്‍ ഇളനീർ കുടിക്കുന്നതും​ ഏറേ ഗുണകരമാണ്​.  പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.  ഒപ്പം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ഇളനീര്‍ സഹായിക്കും എന്നും വിദഗ്ധര്‍ പറയുന്നു. ഇളനീര്‍ കുടിക്കുന്നത് ചര്‍മ്മത്തിനും ഏറെ നല്ലതാണ്. 

Tags