അറിയാം ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌

blueberry
blueberry

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ബ്ലൂബെറി. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം. പ്രത്യേകിച്ച് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്ലൂബെറി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്നും പഠനങ്ങൾ പറയുന്നു.

ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റാമിന്‍ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍.

ആന്‍റി ഓക്‌സിഡന്‍റുകളുടെ ഒരു പവര്‍ഹൗസാണ് ബ്ലൂബെറി. ഇവ ക്യാന്‍സര്‍, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കും. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഫ്ളോവനോയ്ഡുകള്‍ക്ക് ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. 

കൂടാതെ ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. മാത്രമല്ല അമിതവണ്ണമുള്ളവര്‍ക്കും ഇത് കഴിക്കാം. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബ്ലൂബെറി ഏറെ സഹായകമാണ്. ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകള്‍ പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ ചുളിവുകള്‍, പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അടയാളങ്ങള്‍ കുറയ്ക്കുന്നതിനും തടയുന്നതിനും സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന ബ്ലൂബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Tags