ചെമ്പരത്തി ചായയുടെ ആരോഗ്യ ഗുണങ്ങൾ ഇതാ ...

Hibiscus tea

ഈ ചായ കുടിച്ചാല്‍ വണ്ണവും കുറക്കാം, ചര്‍മ്മത്തിന് തിളക്കവും ലഭിക്കും. നമ്മുടെ വീടുകളില്‍ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് ചെമ്പരത്തി. എന്നാല്‍ ചെമ്പരത്തിക്ക് ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടായിരുന്നു എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.പണ്ട് കാലങ്ങളില്‍ തലയില്‍ ചെമ്പരത്തി താളി തേച്ച് കുളിക്കുക പതിവായിരുന്നു. ചെമ്പരത്തി താളി മുടിക്ക് കരുത്തേകുകയും അത് തഴച്ച് വളരാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മുത്തശ്ശിമാര്‍ പറഞ്ഞ് നമുക്കറിയാം. എന്നാല്‍ ഇതുകൊണ്ട് വേറെയും നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.

ചെമ്പരത്തി ചായ ശ്രദ്ധ നേടാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാകും ഇത് ചെമ്പരത്തി ഇട്ട് തിളപ്പിച്ച ചായ ആണെന്ന്. എന്നാല്‍ വെറുതെ രണ്ട് ചെമ്പരത്തി പറിച്ചു ഇട്ടു തിളപ്പിച്ചാല്‍ ചായ ആവില്ല എന്ന് ആദ്യം തന്നെ പറയാം.

ഇഞ്ചിയും കറുവാപ്പട്ടയും വെള്ളത്തില്‍ നന്നായി തിളപ്പിച്ച ശേഷം കഴുകിയെടുത്ത ചെമ്പരത്തി പൂവിലേക്ക് ഇത് ഒഴിക്കുക. 2 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റിവെക്കണം. പൂവിന്റെ ഇതളുകളിലെ ചുവന്ന നിറം വെള്ളത്തില്‍ നന്നായി കലര്‍ന്ന ശേഷം ഇതിലേക്ക് തേനും നാരങ്ങാ നീരും കൂടി ചേര്‍ക്കാം. അങ്ങനെ ചെമ്പരത്തി ചായ തയ്യാറായിക്കഴിഞ്ഞു.

ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ചെമ്പരത്തി ചായ എന്നും കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, അണുബാധകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിക്കുകയും മോശം കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയുകയും ചെയ്യും. ചെമ്പരത്തി ചായയില്‍ പോളിഫെനോളുകളുടെ അളവ് കൂടുതലാണ്. ഇവ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാപനവും തടയാന്‍ സഹായിക്കും. ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട് ചെമ്പരത്തി ചായയ്ക്ക്. രക്തസമ്മര്‍ദം കുറയ്ക്കാനായി ഉപയോഗിക്കുന്നതിനാല്‍ ഈ ചായ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കുടിക്കരുത്.
 

Share this story